പ്രവാചകനിന്ദ: നുപുര്‍ ശര്‍മയ്‌ക്കെതിരായ എല്ലാ എഫ്‌ഐആറുകളും ലയിപ്പിച്ച് സുപ്രിംകോടതി; കേസുകള്‍ ഇനി ഡല്‍ഹി പോലിസ് അന്വേഷിക്കും

Update: 2022-08-10 12:14 GMT

ന്യൂഡല്‍ഹി: പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട് ബിജെപി മുന്‍ വക്താവ് നുപുര്‍ ശര്‍മക്കെതിരായ എല്ലാ എഫ്‌ഐആറുകളും ലയിപ്പിക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടു. എല്ലാ കേസുകളും ഇനി ഡല്‍ഹി പോലിസായിരിക്കും അന്വേഷിക്കുക. കേസുകളെല്ലാം ഡല്‍ഹി പോലിസിന് കൈമാറാന്‍ കോടതി നിര്‍ദേശം നല്‍കി. എഫ്‌ഐആറുകള്‍ ഡല്‍ഹി പോലിസിന്റെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപറേഷന്‍സ് (ഐഎഫ്എസ്ഒ) ആയിരിക്കും അന്വേഷിക്കുക. അന്വേഷണ ആവശ്യങ്ങള്‍ക്കായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ഐഎഫ്എസ്ഒയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ബെഞ്ച് പറഞ്ഞു.

നുപുര്‍ ശര്‍മയുടെ ജീവന് ഭീഷണിയുണ്ടെന്ന വാദം കോടതി അംഗീകരിച്ചു. എഫ്‌ഐആറുകള്‍ റദ്ദാക്കുന്ന കാര്യം അതത് ഹൈക്കോടതികള്‍ പരിശോധിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് ഡല്‍ഹി പോലിസിന്റെ അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ ശര്‍മയുടെ ഇടക്കാല ജാമ്യം തുടരുമെന്നും കോടതി പറഞ്ഞു. മെയ് 26 ന് 'ടൈംസ് നൗ' ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനിടെയാണ് നുപുര്‍ ശര്‍മ പ്രവാചകനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇതിനെതിരേ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കം വന്‍ പ്രതിഷേധമുയര്‍ന്നതോടെ ബിജെപിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് അവരെ സസ്‌പെന്റ് ചെയ്തിരുന്നു.

ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ അടക്കം രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നുപൂറിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിരവധി തവണ വാറണ്ട് നല്‍കിയിട്ടും ചോദ്യം ചെയ്യലിനായി ഹാജരാവാന്‍ അവര്‍ തയ്യാറായിരുന്നില്ല. എല്ലായിടത്തും വിചാരണയ്ക്ക് ഹാജരാകാനാവില്ലെന്നും ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നുപുര്‍ ശര്‍മ കേസുകള്‍ ലയിപ്പിക്കാനാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്.

Tags:    

Similar News