വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവം; വിദഗ്ധസമിതി റിപോര്‍ട്ട് തള്ളി ആരോഗ്യമന്ത്രി, ശാസ്ത്രീയ അന്വേഷണം നടത്തും
കോഴിക്കോട്: പ്രസവ ശസ്ത്രയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ വിദഗ്ധസമിതിയുടെ അന്വേഷണ റിപോര്‍ട്ട് തള്ളി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംഭവത്തെക്കുറിച്ച് വിശദമായ ശാസ്ത്രീയ അന്വേഷണം നടത്താന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി അറിയിച്ചു. ആരോഗ്യമന്ത്രി പ്രഖ്യാപിച്ച വകുപ്പതല അന്വേഷണത്തിന്റെ റിപോര്‍ട്ട് വെളിച്ചം കണ്ടില്ലെന്ന പരാതിയുമായി ഇന്ന് രാവിലെ പരാതിക്കാരി രംഗത്തുവന്നതിനു പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ പുതിയ തീരുമാനം.
ആരോഗ്യപ്രശ്‌നങ്ങളെതുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റായ യുവതി മന്ത്രിയില്‍ നിന്ന് മറുപടി ലഭിച്ച ശേഷമേ ഇനി ആശുപത്രിയില്‍നിന്ന് മടങ്ങൂവെന്ന് പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെ ഹര്‍ഷിനയെ നേരിട്ട് വിളിച്ച് ആരോഗ്യമന്ത്രി സംസാരിച്ചു. മെഡിക്കല്‍ കോളജിന്റെ ആഭ്യന്തര അന്വേഷണ റിപോര്‍ട്ട് തൃപ്തികരമല്ലാത്തതിനാലാണ് നേരത്തെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട മൂന്നംഗ സമിതിയെ ആരോഗ്യമന്ത്രി അന്വേഷണത്തിന് വച്ചത്. രണ്ടാഴ്ച മുമ്പ് ഈ റിപോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിച്ചു. എന്നാല്‍, കത്രിക എവിടെവച്ചാണ് വയറ്റില്‍ കുടുങ്ങിയതെന്നോ ഇതിനു ഉത്തരവാദി ആരാണെന്നോ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്നാണ് നിലവിലെ വിശദീകരണം.
ആദ്യം അന്വേഷിച്ച സമിതി സമര്‍പ്പിച്ച റിപോര്‍ട്ടില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് വിശദമായ ശാസ്ത്രീയ അന്വേഷണം നടത്താന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതുവരെയുള്ള നടപടികള്‍ സ്വീകരിച്ചത് ശസ്ത്രക്രിയയ്ക്ക് വിധേയമായ സ്ത്രീയുടെ പക്ഷത്തുനിന്നു തന്നെയാണ്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്‌പെഷ്യല്‍ ഓഫിസര്‍ കോര്‍ഡിനേറ്ററായ അന്വേഷണ സംഘം നേരത്തെ അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍, സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷിക്കണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് അടിവാരം സ്വദേശി ഹര്‍ഷിനയാണ്, അഞ്ചുവര്‍ഷം മുമ്പ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഗുരുതര അനാസ്ഥയ്ക്ക് ഇരയായത്. കഴിഞ്ഞ മാസം സ്വകാര്യാശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കത്രിക വയറിനുള്ളിലുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കുകയായിരുന്നു.