ചാരപ്പണിയെന്ന് സംശയം; ഒഡീഷ തീരത്ത് കാലില്‍ കാമറയും ചിപ്പും ഘടിപ്പിച്ച പ്രാവിനെ പിടികൂടി
ഭുവനേശ്വര്‍: കാലില്‍ കാമറയും മൈക്രോചിപ്പും ഘടിപ്പിച്ച പ്രാവിനെ ഒഡീഷ തീരത്തുനിന്ന് പിടികൂടി. ഒഡീഷയിലെ ജഗത്സിങ്പൂര്‍ ജില്ലയിലെ പാരാദിപ് തീരത്ത് മല്‍സ്യബന്ധനബോട്ടില്‍നിന്നാണ് പ്രാവിനെ പിടികൂടിയത്. ചാരപ്പണിക്ക് വേണ്ടി ഉപയോഗിക്കുന്ന പ്രാവാണിതെന്നാണ് പോലിസ് കരുതുന്നത്. കടലില്‍ മീന്‍പിടിക്കുന്നതിനിടെ ബോട്ടില്‍ കയറിക്കൂടിയതാണ് പ്രാവ്. മല്‍സ്യത്തൊഴിലാളികളാണ് ഇതിനെ പിടികൂടി മറൈന്‍ പോലിസിന് കൈമാറിയത്.
മൃഗഡോക്ടറെത്തി പ്രാവിനെ പരിശോധിക്കുമെന്ന് പോലിസ് അറിയിച്ചു. പ്രാവിന്റെ കാലില്‍ ഘടിപ്പിച്ച ഉപകരണങ്ങള്‍ ഫോറന്‍സിക് സയന്‍സ് ലാബില്‍ പരിശോധധക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണെന്നും ജഗത്സിങ്പുര്‍ പോലിസ് സൂപ്രണ്ട് പി ആര്‍ രാഹുല്‍ പറഞ്ഞു. ഈ ഉപകരണങ്ങള്‍ കാമറയും മൈക്രോചിപ്പുമാണെന്നാണ് കരുതുന്നത്. അജ്ഞാതമായ ഏതോ ഭാഷയില്‍ പ്രാവിന്റെ ചിറകുകളില്‍ എന്തോ എഴുതിയിട്ടുണ്ട്. ഇത് എന്താണെന്ന് മനസ്സിലാക്കാന്‍ ഭാഷാവിദഗ്ധരുടെ സഹായം തേടുമെന്നും പോലിസ് അറിയിച്ചു.