സ്വപ്നയുടെ മൊഴി: പിണറായിക്കു മുഖ്യമന്ത്രിയായി തുടരാനുള്ള യോഗ്യത നഷ്ടപ്പെട്ടു-എസ് ഡിപിഐ
തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ കള്ളക്കടത്ത് നടത്തിയ കേസില്‍ മുഖ്യപ്രതി സ്വപ്ന സുരേഷ് ഇഡിക്കു നല്‍കിയ മൊഴി പുറത്തുവന്നതോടെ പിണറായി വിജയന് മുഖ്യമന്ത്രിയായി തുടരാനുള്ള യോഗ്യത നഷ്ടപ്പെട്ടെന്ന് എസ് ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. ശിവശങ്കറിനെ പരിചയപ്പെട്ടത് മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നെന്നും ആശയവിനിമയത്തിന് ശിവശങ്കറിനെ ബന്ധപ്പെടാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായും സ്വപ്ന മൊഴി നല്‍കിയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് ഇനി ഒഴിഞ്ഞുമാറാനാവില്ല. സ്വപ്നയുടെ സ്‌പേസ് പാര്‍ക്കിലെ നിയമനം താന്‍ അറിഞ്ഞിരുന്നില്ലെന്നും അത് വിവാദമായതിനു ശേഷമാണ് അറിഞ്ഞതെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞിരിക്കുന്നു. സംഘം 21 തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് ഇഡിയോട് വെളിപ്പെടുത്തിയിരിക്കുകയാണ്.
കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം കള്ളക്കടത്തായി കൊണ്ടുവന്നത് മുഖ്യമന്ത്രിയുമായുള്ള ബന്ധത്തിന്റെയും സ്വാധീനത്തിന്റെയും പേരില്‍ മാത്രമാണെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍. സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെയും ഓഫിസിന്റെയും ഇടപെടല്‍ സംബന്ധിച്ച സംശയം അനുദിനം ബലപ്പെടുകയാണ്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അവകാശവാദങ്ങളെല്ലാം കളവായിരുന്നെന്നും വ്യക്തമാവുന്നു. താന്‍ നിരപരാധിയാണെങ്കില്‍ അതു തെളിവയിക്കപ്പെടുംവരെ രാജിവച്ച് മാറിനില്‍ക്കാനും അന്വേഷണം നേരിടാനുമുള്ള ധാര്‍മികത മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിക്കണം. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ അവരുടെ നിലപാട് വ്യക്തമാക്കണമെന്നും അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.
Swapna's statement on Gold smuggling case: Pinarayi loses eligibility to continue as CM: SDPI