ലോക്ക് ഡൗണ്‍ ഇല്ല; സ്വീഡന്റെ കൊവിഡ് പ്രതിരോധം മികച്ച മാതൃകയെന്ന് ലോകാരോഗ്യ സംഘടന
സാമൂഹിക അകലം പാലിക്കുക എന്നതിനപ്പുറം വളരെ ശക്തമായ ഒരു പൊതുനയമാണ് സ്വീഡന്‍ നടപ്പിലാക്കിയത്.
സ്വീഡന്‍: ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാതെ തന്നെ കൊവിഡിനെ പ്രതിരോധിച്ച സ്വീഡന്‍ ലോകത്തിന് മികച്ച മാതൃകയാണെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മൈക് റയാന്‍ ആണ് സ്വീഡനെ ആരോഗ്യസുരക്ഷാ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചത്.
പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചും രോഗബാധിതര്‍ക്ക് തീവ്രപരിചരണം നല്‍കാനുള്ള സജ്ജീകരണങ്ങള്‍ ഗണ്യമായി ഒരുക്കിയുമാണ് സ്വീഡന്‍ കൊറോണ വൈറസിനെതിരേ പോരാടിയതെന്ന് മൈക് റയാന്‍ പറഞ്ഞു.
ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാത്ത സ്വീഡന്‍ നേരിട്ട വിമര്‍ശനങ്ങള്‍ അന്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹിക അകലം പാലിക്കുക എന്നതിനപ്പുറം വളരെ ശക്തമായ ഒരു പൊതുനയമാണ് സ്വീഡന്‍ നടപ്പിലാക്കിയത്. സ്വയം നിയന്ത്രിക്കാനും ശാരീരിക അകലം പാലിക്കാനുമുളള പൗരന്‍മാരുടെ കഴിവിനെയും സന്നദ്ധതയെയും വിശ്വാസത്തിലെടുത്തത് കൊണ്ടാണ് ഇത്തരം വ്യത്യസ്തമായ ഒരു നയം സ്വീഡന്‍ നടപ്പില്‍ വരുത്തിയത്. പൗരാവലിയുമായുള്ള ബന്ധത്തെയാണിത് പ്രകടമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 10 ദശലക്ഷത്തിലധികം ജനങ്ങളാണ് സ്വീഡനിലുള്ളത്.
സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാതെ തന്നെ സ്വീഡനിലെ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കാന്‍ തയ്യാറായി. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുക മാത്രാമണ് സ്വീഡന്‍ ചെയ്തത്.