സയനൈഡ് മോഹന് അഞ്ചാം തവണയും വധശിക്ഷ

Update: 2019-11-29 15:58 GMT

മംഗളൂരു: നിരവധി സ്ത്രീകളെ പീഡിപ്പിച്ച് സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹന്‍ എന്ന മോഹന്‍കുമാറിനു ഒരുകേസില്‍ കൂടി കോടതി വധശിക്ഷ വിധിച്ചു. ഇത് അഞ്ചാം തവണയാണ് മോഹന്‍ കുമാറിനെതിരെ വധശിക്ഷ വിധിക്കുന്നത്. കാസര്‍കോട് കുമ്പള സ്വദേശിനിയായ 25കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലാണ് ബണ്ട്വാള്‍ കന്യാനയിലെ സയനൈഡ് മോഹനെ മംഗളൂരു കോടതി വധശിക്ഷയ്ക്കു വിധിച്ചത്. വധശിക്ഷയ്ക്കു പുറമെ 30 വര്‍ഷം കഠിന തടവിനും 20,000 രൂപ പിഴയടക്കാനും കോടതി വിധിച്ചിട്ടുണ്ട്.

    കുമ്പള സ്വദേശിനിയും തൊക്കോട്ട് താമസക്കാരിയുമായിരുന്ന ബീഡിത്തൊഴിലാളിയായ യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് മോഹന്‍ കുമാറിന് ശിക്ഷ വിധിച്ചത്. 2009ലാണ് സംഭവം. കുമ്പള ബസ് സ്റ്റാന്‍ഡില്‍ നിന്ന് പരിചയപ്പെട്ട യുവതിയെ മോഹന്‍ കുമാര്‍ വിവാഹ വാഗ്ദാനം നല്‍കി മടിക്കേരിയിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയും പിറ്റേന്ന് രാവിലെ ആഭരണങ്ങള്‍ അഴിച്ച് വാങ്ങുകയും തുടര്‍ന്ന് മടിക്കേരി ബസ് സ്റ്റാന്‍ഡിലെത്തിച്ച്, ഗര്‍ഭിണിയാവാതിരിക്കാനുള്ള മരുന്നാണെന്നുപറഞ്ഞ് സയനൈഡ് ഗുളിക നല്‍കുകയുമായിരുന്നു. ഛര്‍ദിക്കാന്‍ സാധ്യതയുണ്ടെന്നു പറഞ്ഞ് ശുചിമുറിയില്‍ പോയി ഗുളിക കഴിക്കണമെന്നായിരുന്നു മോഹന്‍ കുമാറിന്റെ നിര്‍ദേശം. ഇതേത്തുടര്‍ന്ന് ശുചിമുറിയില്‍ കയറി ഗുളിക കഴിച്ച യുവതി തല്‍ക്ഷണം വീണ് മരണപ്പെടുകയായിരുന്നു. കാസര്‍കോട് ജില്ലയിലെയും ദക്ഷിണ കര്‍ണാടകയിലെയും 20ഓളം യുവതികളെ പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തിയതിനു മോഹന്‍ കുമാറിനെതിരേ കേസുകളുണ്ട്. ഇതില്‍ 13 കേസുകളില്‍ മോഹന് ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ട്. രണ്ട് കേസുകളില്‍ വിചാരണ തുടരുകയാണ്. വധശിക്ഷ ഹൈക്കോടതി അംഗീകരിക്കുന്ന പക്ഷം മറ്റെല്ലാ ശിക്ഷകളും ഇതില്‍ ലയിച്ചതായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി.




Tags:    

Similar News