![ബശ്ശാറുല്‍ അസദിനെ കൈമാറണമെന്ന് റഷ്യയോട് സിറിയ ബശ്ശാറുല്‍ അസദിനെ കൈമാറണമെന്ന് റഷ്യയോട് സിറിയ](https://www.thejasnews.com/h-upload/2025/01/29/1500x900_228278-russia.jpg)
ദമസ്‌കസ്: സിറിയയുടെ മുന്‍ പ്രസിഡന്റായിരുന്ന ബശ്ശാറുല്‍ അസദിനെ കൈമാറണമെന്ന് ഇടക്കാലസര്‍ക്കാര്‍ റഷ്യയോട് ആവശ്യപ്പെട്ടു. റഷ്യന്‍ ബാങ്കുകളില്‍ അസദ് സൂക്ഷിച്ചിരിക്കുന്ന 17,326 കോടി രൂപയും കൈമാറണമെന്ന് സിറിയന്‍ തലസ്ഥാനമായ ദമസ്‌കസില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. റഷ്യയ്ക്കു വേണ്ടി ഡെപ്യൂട്ടി വിദേശകാര്യമന്ത്രി മിഖായേല്‍ ബോഗ്ദനോവും സിറിയക്കു വേണ്ടി ഹയാത് താഹിര്‍ അല്‍ ശാം നേതാവ് അബു മുഹമ്മദ് അല്‍ ജൂലാനി എന്ന അഹമ്മദ് അല്‍ ഷറായുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ഡിസംബര്‍ എട്ടിന് അസദ് അധികാരത്തില്‍ നിന്നുപുറത്തായ ശേഷമുള്ള അദ്യ സുപ്രധാന റഷ്യന്‍-സിറിയന്‍ ചര്‍ച്ചയാണ് നടന്നിരിക്കുന്നത്. സിറിയയില്‍ റഷ്യന്‍ സൈനികതാവളം തുടരുന്നതിനെ കുറിച്ച് ഇരുവരും തമ്മില്‍ ചര്‍ച്ചകള്‍ നടന്നതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപോര്‍ട്ട് ചെയ്തു.
സിറിയയുടെ പുനര്‍നിര്‍മ്മാണം, രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍, രാജ്യത്തെ സുസ്ഥിരമാക്കുന്നതില്‍ റഷ്യയുടെ പിന്തുണയുടെ പങ്ക് എന്നിവയുള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തതായും റിപോര്‍ട്ടുകള്‍ പറയുന്നു. ഏകദേശം മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ച അത്താഴ വിരുന്നോടെയാണ് അവസാനിച്ചത്.