താജ്മഹല്‍ ശിവക്ഷേത്രമായിരുന്നു; പേര് രാംമഹല്‍ എന്നാക്കുമെന്ന ഭീഷണിയുമായി ബിജെപി എംഎല്‍എ
പണ്ട് കാലത്ത് ഇവിടമൊരു ശിവക്ഷേത്രമായിരുന്നുവെന്നും വീണ്ടും ഇവിടം ക്ഷേത്രമാക്കുമെന്നുമെന്നുമാണ് എംഎല്‍എയുടെ ഭീഷണി.
ലക്‌നൗ: താജ്മഹല്‍ മുമ്പ് ശിവക്ഷേത്രമായിരുന്നുവെന്നും വൈകാതെ താജ്മഹലിന്റെ പേര് രാംമഹല്‍ എന്നാക്കി മാറ്റുമെന്നും ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്. ബൈരിയ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ സുരേന്ദ്ര സിങാണ് വിവാദ പരാമര്‍ശം നടത്തിയത്. പണ്ട് കാലത്ത് ഇവിടമൊരു ശിവക്ഷേത്രമായിരുന്നുവെന്നും വീണ്ടും ഇവിടം ക്ഷേത്രമാക്കുമെന്നുമെന്നുമാണ് എംഎല്‍എയുടെ ഭീഷണി.
ദൈവം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഉടനെ അറിയും താജ് മഹലാണോ അതോ രാം മഹലോ എന്ന്. മുസ്‌ലിം അക്രമികള്‍ സാധിക്കുന്ന എല്ലാ രീതിയിലും ഇന്ത്യന്‍ സംസ്‌കാരം നശിപ്പിച്ചു. എന്നാല്‍ സുവര്‍ണ കാലത്തിലേക്ക് ഉത്തര്‍ പ്രദേശ് എത്തിയിരിക്കുകയാണ്. താജ് മഹലിലെ രാമക്ഷേത്രമാക്കും, പേരുമാറ്റും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാലത്ത് തന്നെ പുനര്‍നാമകരണം നടത്തും. ആദിത്യനാഥ് ശിവജിയുടെ പിന്‍ഗാമിയാണ്. ശിവാജിയുടെ പിന്‍ഗാമികള്‍ ഉത്തര്‍പ്രദേശില്‍ വന്നിട്ടുണ്ട്. സമര്‍ത് ഗുരു രാംദാസ് ശിവാജിയെ ഇന്ത്യക്ക് നല്‍കിയതുപോലെ, ഗോരഖ്‌നാഥ് ജി യോഗി ആദിത്യനാഥിനെ ഉത്തര്‍പ്രദേശിന് നല്‍കിയെന്നും സിങ് കൂട്ടിച്ചേര്‍ത്തു.
ഇത് ആദ്യമായല്ല സുരേന്ദ്ര സിങ് വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത്. കൊല്‍ക്കത്തയിലെ വിക്ടോറിയ പാലസിനെ ജാനകി പാലസ് ആക്കണമെന്നും സുരേന്ദ്ര സിങ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിയമം കൊണ്ടും ആയുധം കൊണ്ടും സര്‍ക്കാരിന് ബലാത്സംഗം തടയാനാവില്ലെന്നും സംസ്‌കാരശീലരായി പെണ്‍കുട്ടികളെ വളര്‍ത്തിയാല്‍ ബലാത്സംഗം കുറയ്ക്കാമെന്നും ഹാഥ്്‌റസില്‍ ദലിത് പെണ്‍കുട്ടി പീഡനത്തിന് ഇരയായി മരിച്ചതിന് പിന്നാലെ സുരേന്ദ്ര സിങ് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.