കരുനാഗപ്പള്ളി എസിപിക്കെതിരേ അച്ചടക്കനടപടിയെടുക്കണം; അഭിഭാഷകനെതിരേ കേസെടുക്കണം-മനുഷ്യാവകാശ കമ്മീഷന്‍

കരുനാഗപ്പള്ളി പടനായര്‍ കുളങ്ങര വടക്ക് സ്വദേശി അന്‍വര്‍ മുഹമ്മദ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരനും ഭാര്യയും തമ്മിലുള്ള ദാമ്പത്യകലഹത്തില്‍ കരുനാഗപ്പള്ളി എസിപി, വിദ്യാധരന്‍ അന്യായമായി ഇടപെട്ടെന്നാണ് ആരോപണം.

Update: 2020-11-20 13:08 GMT

കൊല്ലം: പദവിക്ക് നിരക്കാത്ത തരത്തില്‍ പെരുമാറുകയും അഴിമതി നടത്തുകയും ചെയ്ത കരുനാഗപ്പള്ളി പോലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കെതിരേ അടിയന്തിരമായി അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് ഉത്തരവ് നല്‍കി.അദ്ദേഹത്തെ മാത്യകാപരമായി ശിക്ഷിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

എസിപിക്ക് കൂട്ടു നിന്ന അഭിഭാഷകനുംവക്കീല്‍ ഗുമസ്തനുമെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി കൊല്ലം ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

ഉത്തരവ് ഒരു മാസത്തിനകം നടപ്പിലാക്കി ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പോലിസ് മേധാവി, ജില്ലാ പോലിസ് മേധാവി എന്നിവര്‍ നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

കരുനാഗപ്പള്ളി പടനായര്‍ കുളങ്ങര വടക്ക് സ്വദേശി അന്‍വര്‍ മുഹമ്മദ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരനും ഭാര്യയും തമ്മിലുള്ള ദാമ്പത്യകലഹത്തില്‍ കരുനാഗപ്പള്ളി എസിപി, വിദ്യാധരന്‍ അന്യായമായി ഇടപെട്ടെന്നാണ് ആരോപണം.

കമ്മീഷന്‍ കൊല്ലം ജില്ലാ പോലിസ് മേധാവിയില്‍ നിന്നും അന്വേഷണ റിപ്പോര്‍ട്ട് വാങ്ങി. പരാതിക്കാരന്റെ മകളെ പരാതിക്കാരനില്‍ നിന്നും വിട്ടുകിട്ടാന്‍ ഭാര്യ എസിപിക്ക് പരാതി നല്‍കിയിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതി രജിസ്റ്ററില്‍ രേഖപ്പെടുത്താതെ എസിപി. നേരിട്ട് അന്വേഷിച്ചു. കുട്ടി പരാതിക്കാരന്റെ സഹോദരിയുടെ മാന്നാറിലുള്ള വീട്ടില്‍ ഹോം ക്വാറന്റൈനിലായിരുന്നു. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് അമ്മയില്‍ നിന്നും പരാതി എഴുതി വാങ്ങിയ എസിപി കരുനാഗപ്പള്ളി സിഐയെ വിവരം അറിയിക്കാതെ 498 എ കേസില്‍ പ്രതിയാക്കുമെന്ന് പരാതിക്കാരനെയും പിതാവിനെയും ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭീഷണിയെ തുടര്‍ന്ന് ഇക്കഴിഞ്ഞ മേയ് 12ന്കുട്ടിയെകോടതിയില്‍ ഹാജരാക്കി. കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നതിന് വേണ്ടി എസിപിക്ക് നല്‍കാന്‍ വക്കീല്‍ ഗുമസ്തനായ മണികണ്ഠന്‍ പരാതിക്കാരന്റെ പിതാവില്‍ നിന്ന് 30,000 രൂപ വാങ്ങി. ഇതില്‍ നിന്നും എസിപിക്ക് നല്‍കാന്‍ അഡ്വ മനോജ് മഠത്തില്‍ 25,000 രൂപ വാങ്ങിയതായി റിപ്പോര്‍ട്ടിലുണ്ട്. എസിപിക്കെതിരേ തുടര്‍നടപടികള്‍ സ്വീകരിക്കുന്ന കാര്യം പരിഗണനയിലാണെന്നും ജില്ലാ പോലിസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എസിപി നടത്തിയത് ഗുരുതരമായ കൃത്യവിലാപമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

Tags:    

Similar News