പ്രവിശ്യ തലസ്ഥാനങ്ങള്‍ ഒന്നൊന്നായി പിടിച്ചെടുത്ത് താലിബാന്‍; അഫ്ഗാന്‍ സര്‍ക്കാരിന്റെ നില പരുങ്ങലില്‍
മേഖല താലിബാന്‍ പിടിച്ചെടുത്തെന്ന റിപോര്‍ട്ടുകള്‍ സമന്‍ഗാന്‍ ഡെപ്യൂട്ടി പ്രവിശ്യാ ഗവര്‍ണറും സ്ഥിരീകരിച്ചിട്ടുണ്ട്.
കാബൂള്‍: നാല് ദിവസത്തിനുള്ളില്‍ അഫ്ഗാനിലെ ആറാമത്തെ പ്രവിശ്യയും പിടിച്ചെടുത്ത് താലിബാന്‍. വടക്കന്‍ പ്രവിശ്യയായ സമന്‍ഗാന്‍ തലസ്ഥാനമായ ഐബാക്ക് പിടിച്ചെടുത്തതായി താലിബാന്‍ വക്താവ് തിങ്കളാഴ്ച രാവിലെ മാധ്യമങ്ങള്‍ക്ക് സന്ദേശങ്ങള്‍ അയച്ചു. മേഖല താലിബാന്‍ പിടിച്ചെടുത്തെന്ന റിപോര്‍ട്ടുകള്‍ സമന്‍ഗാന്‍ ഡെപ്യൂട്ടി പ്രവിശ്യാ ഗവര്‍ണറും സ്ഥിരീകരിച്ചിട്ടുണ്ട്.
ഐബക്കിലെ എല്ലാ സര്‍ക്കാര്‍, പോലിസ് സ്ഥാപനങ്ങളും സ്ഥലംവിട്ടെന്ന താലിബാന്‍ വക്താവിന്റെ ട്വീറ്റിന് പിന്നാലെ മേഖല പൂര്‍ണമായും താലിബാന്‍ നിയന്ത്രണത്തിലാണെന്ന് ഡെപ്യൂട്ടി പ്രവിശ്യാ ഗവര്‍ണര്‍ അറിയിച്ചു. ഒരാഴ്ചക്കകം താലിബാനു മുമ്പില്‍ കീഴടങ്ങുന്ന അഞ്ചാമത്തെ പ്രവിശ്യയാണ് സമന്‍ഗാന്‍. ഇതോടെ ആകെ ആറു പ്രവിശ്യകള്‍ താലിബാന്‍ നിയന്ത്രണത്തിലായി.
ജോജാന്‍, കുന്ദുസ്, സരേപോള്‍ എന്നിവിടങ്ങളില്‍നിന്നു വ്യത്യസ്ഥമായി താലിബാന്‍ സാന്നിധ്യം നന്നെകുറഞ്ഞ അഫ്ഗാന്‍ ഏറ്റവും സുരക്ഷിതമായ പ്രവിശ്യകളിലൊന്നായിരുന്നു സമന്‍ഗാന്‍. എന്നിരുന്നാലും, കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രവിശ്യയില്‍ താലിബാന്റെ സാന്നിധ്യം വര്‍ധിച്ചുവരികയായിരുന്നു.
കമാന്‍ഡോകളേയും റിസര്‍വ് സൈന്യത്തേയും മറ്റു പ്രവിശ്യകളിലേക്ക് അയച്ചതിനാല്‍ സമന്‍ഗാന്റെ പതനം അഫ്ഗാന്‍ സൈന്യത്തിന് കൂടുതല്‍ തലവേദന സൃഷ്ടിക്കുകയാണ്. അതേസമയം, കാണ്ഡഹാര്‍, ഹെരാത്ത്, ലഷ്‌കര്‍ ഗാഹ് എന്നീ പ്രവിശ്യകളുടെ തലസ്ഥാനങ്ങള്‍ക്കു സമീപം ഇപ്പോഴും കടുത്ത പോരാട്ടം തുടരുകയാണെന്നാണ് തദ്ദേശീയര്‍ പറയുന്നത്. ഒരു മാസത്തിലേറെയായി ഈ പ്രവിശ്യകള്‍ പിടിച്ചെടുക്കാന്‍ താലിബാന്‍ ശ്രമിച്ചുവരികയാണെന്നും പ്രദേശവാസികള്‍ പറയുന്നു.