മരണപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ താലിബാന്‍ പരമോന്നത നേതാവ് ഹിബത്തുല്ല അഖുന്ത്‌സാദ പൊതുവേദിയില്‍
അഖുന്ത്‌സാദ കാന്തഹാറിലെ ജാമിഅ ദാറുല്‍ ഉലൂം ഹകിമിയ സന്ദര്‍ശിച്ചതായി അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മുതിര്‍ന്ന താലിബാന്‍ നേതാവ് അറിയിച്ചു.
കാബൂള്‍: മരണപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ താലിബാന്‍ പരമോന്നത നേതാവ് ഹിബത്തുല്ല അഖുന്ത്‌സാദ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. കാന്തഹാറിലെ തെക്കന്‍ നഗരത്തിലുള്ള മതസ്ഥാപനത്തിലാണ് അഖുന്ത്‌സാദ എത്തിയതെന്ന് താലിബാനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാനില്‍ ആയത്തുല്ല ഖാംനഈയെ പോലെ അഫ്ഗാനിസ്ഥാനിലെ ആത്മീയ പരമോന്നത നേതാവാണ് ഹിബത്തുല്ല അഖുന്ത്‌സാദ. താലിബാന്‍ കാബൂള്‍ പിടിച്ചതിന് ശേഷം അഖുന്ത്‌സാദ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ ഒരു ചിത്രം മാത്രമാണ് ഇതുവരെ പുറത്ത് വന്നിട്ടുള്ളത്. അദ്ദേഹം മരണപ്പെട്ടു എന്ന തരത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. അഖുന്ത്‌സാദ കാന്തഹാറിലെ ജാമിഅ ദാറുല്‍ ഉലൂം ഹകിമിയ സന്ദര്‍ശിച്ചതായി അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മുതിര്‍ന്ന താലിബാന്‍ നേതാവ് അറിയിച്ചു.
ഇക്കഴിഞ്ഞ ആഗസ്ത് 15ന് കാബൂളിലെ രാഷ്ട്രപതിയുടെ കൊട്ടാരം കീഴടക്കിയാണ് താലിബാന്‍ അഫ്ഗാനിസ്ഥാനിലെ ഭരണം പിടിക്കുന്നത്. പ്രസിഡണ്ടായിരുന്ന അഷ്‌റഫ് ഗനി രാജ്യം വിടുകയും അധിനിവേശ ശക്തിയായ അമേരിക്ക പൂര്‍ണമായും തന്നെ അഫ്ഗാനില്‍ നിന്നും മടങ്ങുകയും ചെയ്തിരുന്നു.