അടുത്തമാസം രേഖാമൂലമുള്ള അഫ്ഗാന്‍ സമാധാന പദ്ധതി അവതിരിപ്പിക്കുമെന്ന് താലിബാന്‍
വൈദേശിക സൈന്യം രാജ്യംവിടുന്ന സുരക്ഷാ വിടവില്‍ താലിബാന്‍ പോരാളികള്‍ രാജ്യത്ത് വന്‍ മുന്നേറ്റം നടത്തുകയാണെങ്കിലും ഇതുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു.
കാബൂള്‍: അഫ്ഗാന്‍ സര്‍ക്കാരിന് മുമ്പാകെ അടുത്തമാസം തന്നെ രേഖാമൂലമുള്ള സമാധാന പദ്ധതി അവതരിപ്പിക്കാനാണ് താലിബാന്‍ പദ്ധതിയിടുന്നതെന്ന് സംഘത്തിന്റെ വക്താവ് സബീഹുല്ല മുജാഹിദ്. വൈദേശിക സൈന്യം രാജ്യംവിടുന്ന സുരക്ഷാ വിടവില്‍ താലിബാന്‍ പോരാളികള്‍ രാജ്യത്ത് വന്‍ മുന്നേറ്റം നടത്തുകയാണെങ്കിലും ഇതുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിലെ പ്രധാന സൈനിക താവളം അമേരിക്കന്‍ സൈന്യം ഉപേക്ഷിച്ചതിനു പിന്നാലെ, താലിബാന്‍ മുന്നേറ്റത്തെതുടര്‍ന്ന് നൂറു കണക്കിന് അഫ്ഗാന്‍ സുരക്ഷാ സൈനികര്‍ താജിക്കിസ്താനിലേക്ക് പലായനം ചെയ്തിരുന്നു. സപ്തംബര്‍ 11നകം എല്ലാ വിദേശ സൈനികരെയും പിന്‍വലിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് 20 വര്‍ഷത്തോളം തങ്ങളുടെ പ്രധാന സൈനിക താവളമായിരുന്ന ബഗ്രാം യുഎസ് വിട്ടൊഴിഞ്ഞത്.
ബഗ്രാം വ്യോമതാവളം അഫ്ഗാന്‍ സൈന്യത്തിന് കൈമാറുന്നതിനിടെ, നിരവധി പുതിയ ജില്ലകളുടെ നിയന്ത്രണമാണ് താലിബാന്റെ കൈകളില്‍ വന്നുചേര്‍ന്നിരിക്കുന്നത്. അതിനിടെ, താലിബാന്‍ നേതാക്കള്‍ കഴിഞ്ഞയാഴ്ച ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി ദീര്‍ഘനാളായി നിലച്ചിരുന്ന ചര്‍ച്ച പുനരാരംഭിച്ചിട്ടുണ്ട്.
'വരും ദിവസങ്ങളില്‍ സമാധാന ചര്‍ച്ചകളും മറ്റും ത്വരിതപ്പെടുത്തും. അവ ഒരു സുപ്രധാന ഘട്ടത്തിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്നു, സ്വാഭാവികമായും അത് സമാധാന പദ്ധതികളെക്കുറിച്ചായിരിക്കും'-
താലിബാന്‍ വക്താവ് സബrഹുല്ല മുജാഹിദ് തിങ്കളാഴ്ച റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.ഇരുപക്ഷവും തങ്ങളുടെ രേഖാമൂലമുള്ള സമാധാന പദ്ധതി പങ്കിടുന്ന ആ ഘട്ടത്തിലെത്താന്‍ ഒരു മാസമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 'തങ്ങള്‍ക്ക് യുദ്ധക്കളത്തില്‍ മേല്‍ക്കൈ ഉണ്ടെങ്കിലും, ചര്‍ച്ചകളേയും സംഭാഷണങ്ങളേയും തങ്ങള്‍ ഗൗരവ തരമായാണ് സമീപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.