കാബൂള്‍: ഇത്രയും വേഗത്തില്‍ കാബൂളില്‍ പ്രവേശിക്കാന്‍ ലക്ഷ്യമിട്ടിരുന്നില്ലെന്നും നിര്‍ബന്ധിത സാഹചര്യത്തിലാണ് കാബൂളിന്റെ സുരക്ഷ ഏറ്റെടുത്തതെന്നും താലിബാന്‍ സംസ്‌കാരിക വിഭാഗം പ്രതിനിധി അബ്ദുല്‍ ഖഹാര്‍ ബല്‍ഖി. അല്‍-ജസീറ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാബുളിലേക്ക് ഇപ്പോള്‍ പ്രവേശിക്കാന്‍ ലക്ഷ്യമില്ലെന്ന് തങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കാബുളില്‍ എത്തുന്നതിന് മുന്‍പ് അഫ്ഗാനില്‍ രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാനായിരുന്നു ശ്രമം. എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങളാണ് നടന്നു കൊണ്ടിരുന്നത്. എന്നാല്‍, അപ്രതീക്ഷിതമായി അഫ്ഗാന്‍ സുരക്ഷാ സൈനികര്‍ സ്ഥലം വിട്ടു. സര്‍ക്കാര്‍ ഓഫിസുകള്‍ ഉപേക്ഷിച്ച് ഉദ്യോഗസ്ഥര്‍ പോയതോടെ കാബൂളില്‍ ഭരണ സംവിധാനം ഇല്ലാതെ അനിശ്ചിതാവസ്ഥ രൂപപ്പെട്ടു. ഈ സാഹചര്യത്തിലാണ് കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തത്. നിര്‍ബന്ധിത സാഹചര്യത്തില്‍ തങ്ങളുടെ സേനയോട് കാബൂളിന്റെ സുരക്ഷ ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു എന്നും അബ്ദുല്‍ ഖഹാര്‍ ബല്‍ഖി പറഞ്ഞു.
അഫ്ഗാന്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എല്ലാവരേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സംവിധാനത്തിനാണ് ശ്രമം നടക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ കാബുളില്‍ സുരക്ഷ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാബൂള്‍ വിമാനത്താവളത്തിന്റെ അകത്തെ നിയന്ത്രണം യുഎസ് സേനക്കാണ്. ചെക്ക് പോസ്റ്റുകള്‍ താലിബാന്‍ നിയന്ത്രണത്തിലാണെന്നും ബല്‍ഖി വ്യക്തമാക്കി. ആളുകള്‍ രാജ്യം വിടാന്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും തങ്ങള്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അബ്ദുല്‍ ഖഹാര്‍ ബല്‍ഖി കൂട്ടിച്ചേര്‍ത്തു.