താലിബാനും അവരെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കുമെതിരേ ഉപരോധം; യുഎസ് കോണ്‍ഗ്രസില്‍ ബില്ല് അവതരിപ്പിച്ച് റിപബ്ലിക്കന്‍ സെനറ്റര്‍മാര്‍
2001-2020 മുതല്‍ താലിബാനെ പിന്തുണയ്ക്കുന്നതിലുള്ള പാക് പങ്ക് വിലയിരുത്തുന്ന സ്‌റ്റേറ്റ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും ബില്‍ ആവശ്യപ്പെട്ടു.
വാഷിങ്ടണ്‍: അഫ്ഗാനിസ്താനിലെ താലിബാനും അവരെ പിന്തുണയ്ക്കുന്ന മുഴുവന്‍ വിദേശ സര്‍ക്കാരുകള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തുന്നതിനുള്ള ബില്ല് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച് ഒരു കൂട്ടം റിപബ്ലിക്കന്‍ സെനറ്റര്‍മാര്‍. സെനറ്റര്‍ ജിം റിഷ് ആണ് 'അഫ്ഗാനിസ്ഥാന്‍ ഭീകരവിരുദ്ധ, മേല്‍നോട്ടം, ഉത്തരവാദിത്ത നിയമം' അവതരിപ്പിച്ചത്.
2001-2020 മുതല്‍ താലിബാനെ പിന്തുണയ്ക്കുന്നതിലുള്ള പാക് പങ്ക് വിലയിരുത്തുന്ന സ്‌റ്റേറ്റ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും ബില്‍ ആവശ്യപ്പെട്ടു. അഫ്ഗാന്‍ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിലേക്ക് നയിച്ച ആക്രമണത്തില്‍, പഞ്ച്ഷിര്‍ വാലി, അഫ്ഗാന്‍ പ്രതിരോധം എന്നിവയ്‌ക്കെതിരായ താലിബാന്‍ ആക്രമണത്തിന് പാക്കിസ്താന്‍ പിന്തുണ നല്‍കിയതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു.
'അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ പിന്മാറ്റം ഗുരുതര പ്രത്യാഘാതങ്ങള്‍ തുടര്‍ന്നും ഉളവാക്കുമെന്ന് തങ്ങള്‍ മനസ്സിലാക്കുന്നുവെന്ന് യുഎസ് കോണ്‍ഗ്രസില്‍ ബില്‍ അവതരിപ്പിച്ച ശേഷം റിഷ് പറഞ്ഞു.
താലിബാന്‍ ഭീഷണിയെതുടര്‍ന്ന് നിരവധി അമേരിക്കന്‍ പൗരന്‍മാര്‍ക്കും അഫ്ഗാന്‍ പങ്കാളികള്‍ക്കും രാജ്യം വിടേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഎസ് ഇപ്പോഴും 'ഭീകരാക്രമണ' ഭീഷണി നേരിടുന്നതായും അഫ്ഗാനില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ അടിച്ചമര്‍ത്തുന്നതിനിടയിലും താലിബാന്‍ യുഎന്നില്‍ അംഗീകാരം തേടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിനും താലിബാന്‍ പിടിച്ചെടുത്ത യുഎസ് ഉപകരണങ്ങളുടെ വിനിയോഗത്തിനും ഭീകരത, മയക്കുമരുന്ന് കടത്ത്, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവയ്ക്കായി അഫ്ഗാനിസ്ഥാനിലെ താലിബാനും മറ്റുള്ളവര്‍ക്കും ഉപരോധം ഏര്‍പ്പെടുത്താന്‍ ഈ നിയമനിര്‍മ്മാണം ആവശ്യമാണ്. വിദേശ ഗവണ്‍മെന്റുകള്‍ ഉള്‍പ്പെടെ താലിബാന് പിന്തുണ നല്‍കുന്നവര്‍ക്കെതിരായ ഉപരോധത്തിന് ഇത് അംഗീകാരം നല്‍കുന്നു.
യുഎസിലെ അഫ്ഗാനിസ്ഥാന്റെ അംബാസഡറോ യുഎന്നിലെ അഫ്ഗാനിസ്ഥാന്റെ അംബാസഡറോ ആയി താലിബാന്റെ ഒരംഗത്തേയും അമേരിക്ക അംഗീകരിക്കരുതെന്ന് അതില്‍ പറയുന്നു. താലിബാനെ പിന്തുണയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള വിദേശ സഹായം അവലോകനം ചെയ്യണമെന്നും ബില്‍ ആവശ്യപ്പെടുന്നു.