അഫ്ഗാനില്‍ നിന്ന് ഒരു രാജ്യത്തിനെതിരേയും ഭീഷണി ഉയരില്ല: താലിബാന്‍

സ്ത്രീകള്‍ക്കെതിരെ വിവേചനം ഉണ്ടാകില്ല.ഇസ്ലാമിനെ അടിസ്ഥാനമാക്കി സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്‍കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

Update: 2021-08-17 16:05 GMT

ന്യൂഡല്‍ഹി: അഫ്ഗാനില്‍ നിന്ന് ഒരു രാജ്യത്തിനും ഭീഷണി ഉയരില്ലെന്ന് താലിബാന്‍. മിക്ക പാശ്ചാത്യ സൈനികരും രാജ്യംവിട്ടതിനു പിന്നാലെ അഫ്ഗാന്‍ പാവ സര്‍ക്കാര്‍ കീഴടങ്ങിയതിനു പിന്നാലെ നടത്തിയ പ്രഥമ വാര്‍ത്താസമ്മേളനത്തിലാണ് താലിബാന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. 'അഫ്ഗാനിസ്ഥാനില്‍ നിന്ന് ഒരു രാജ്യത്തിനും ഒരു ഭീഷണിയും ഉണ്ടാകില്ലെന്ന് ഇസ് ലാമിക് എമിറേറ്റ് അന്താരാഷ്ട്ര സമൂഹത്തോട് പ്രതിജ്ഞ ചെയ്യുന്നുവെന്ന് താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് കാബൂളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.അഫ്ഗാനില്‍ ഉടന്‍ ഒരു ഇസ്‌ലാമിക സര്‍ക്കാര്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എല്ലാവരേയും ഉള്‍കൊള്ളുന്നതായിരിക്കും പുതിയ സര്‍ക്കാരെന്നും അദ്ദേഹം വ്യക്തമാക്കി.

'തങ്ങള്‍ക്ക് ആരോടും ശത്രുതയില്ല, തങ്ങളുടെ നേതാവിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും മാപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു. മുന്‍ സൈനിക അംഗങ്ങളും വിദേശ സേനയില്‍ പ്രവര്‍ത്തിച്ചവരും ഉള്‍പ്പെടെ ആര്‍ക്കെതിരേയും പ്രതികാരം ഉണ്ടാകില്ല. കഴിഞ്ഞ കാലത്ത് തങ്ങള്‍ക്കെതിരേ യുദ്ധം ചെയ്തവര്‍ക്ക് മാപ്പുനല്‍കുന്നതായും താലിബാന്‍ വക്താവ് വ്യക്തമാക്കി. 'ആരും അവരുടെ വീട് അന്വേഷിക്കില്ല'- അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്ന നിയമങ്ങള്‍ പ്രയോഗിക്കാന്‍ അഫ്ഗാനികള്‍ക്ക് അവകാശമുണ്ടെന്നും അതിനാല്‍ മറ്റ് രാജ്യങ്ങള്‍ ഈ നിയമങ്ങളെ മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്കെതിരെ വിവേചനം ഉണ്ടാകില്ല.ഇസ്ലാമിനെ അടിസ്ഥാനമാക്കി സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്‍കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ആരോഗ്യ മേഖലയില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് ജോലി ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു. വനിതകള്‍ക്ക് ശരീഅ നിയമപ്രകാരമുള്ള മുഴുവന്‍ അവകാശങ്ങളും വകവച്ചുനല്‍കും. ഇസ് ലാമിക നിയമത്തിന്റെ ചട്ടക്കൂടില്‍ വനിതകളുടെ അവകാശങ്ങള്‍ വകവച്ചു നല്‍കും.

അഫ്ഗാനില്‍ ഒരാളും ആക്രമിക്കപ്പെടില്ലെന്ന് അന്താരാഷ്ട്ര സമൂഹത്തിന് ഉറപ്പു നല്‍കുന്നതായും താലിബാന്‍ വാക്താവ്. ഇസ്‌ലാമിക മൂല്യങ്ങളെ മാനിച്ചുകൊണ്ടുള്ള മാധ്യമ സ്വാതന്ത്ര്യം അനുവദിക്കും.

Tags:    

Similar News