കാബൂള്‍ ഇരട്ട സ്‌ഫോടനം: പിന്നില്‍ ഐഎസ് എന്ന് താലിബാനും യുഎസും; ആക്രമണം മുന്നറിയിപ്പുകള്‍ക്കു പിന്നാലെ
ഐഎസ് ആക്രമണത്തിന് സാധ്യതയുണ്ടെന്നും യുഎസ് പൗരന്‍മാര്‍ കാബൂള്‍ വിമാനത്താവളം ഒഴിവാക്കണമെന്നും ഇന്നലെ കാബൂളിലെ യുഎസ് എംബസി മുന്നറിയിപ്പ് നല്‍കിയിരുന്നു.
കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിനെ വിറപ്പിച്ച ഉഗ്ര സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ സായുധസംഘമായ ഐഎസ് എന്ന് താലിബാനും യുഎസും. രാജ്യംവിടാന്‍ ശ്രമിക്കുന്നവര്‍ വിമാനത്താവളത്തിനു പുറത്ത് തടിച്ചുകൂടിയിരിക്കുന്നതിനിടെയാണ് തുടര്‍ സ്‌ഫോടനങ്ങള്‍ അരങ്ങേറിയത്. ശരീരത്ത് ബോംബ് വച്ചുകെട്ടിയവര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപോര്‍ട്ടുകള്‍.യുഎസ്, ബ്രിട്ടീഷ് സൈന്യങ്ങള്‍ നിലയുറപ്പിച്ചിട്ടുള്ള ആബി ഗേറ്റിന് സമീപത്തും അടുത്തുള്ള ഹോട്ടലിലുമാണ് സ്‌ഫോടനങ്ങള്‍ അരങ്ങേറിയത്. 'സങ്കീര്‍ണ്ണമായ' ആക്രമണത്തില്‍ നിരവധി യുഎസ്, സിവിലിയന്‍മാര്‍ക്ക് അത്യാഹിതം സംഭവിച്ചിട്ടുണ്ടെന്ന് പെന്റഗണ്‍ പറഞ്ഞു ആള്‍ക്കൂട്ടത്തിനിടയിലാണ് പൊട്ടിത്തെറിയുണ്ടായത്.
കൊല്ലപ്പെട്ടവരുട എണ്ണം 20 കവിഞ്ഞു
ഇരട്ട സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 13 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നായിരുന്നു പ്രാഥമിക റിപോര്‍ട്ടുകള്‍.
സ്‌ഫോടനത്തില്‍ പരിക്കേറ്റ നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എമര്‍ജന്‍സി ആശുപത്രിയിലെ ടോളോ ന്യൂസ് റിപ്പോര്‍ട്ടര്‍ അബ്ദുള്ള ഹമീം പറഞ്ഞു.
ആക്രമണത്തിന് പിന്നില്‍ ഐഎസ്
വിമാനത്താവളത്തിനു പുറത്തു നിരവധി പേരുടെ ജീവന്‍ അപഹരിച്ച സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ഐഎസ് ആണ് എന്ന് അമേരിക്കയും താലിബാനും അറിയിച്ചു. ഭീകരര്‍ക്ക് അഫ്ഗാനില്‍ സ്ഥാനമില്ല. ഭീകര പ്രവര്‍ത്തനത്തിന് അഫ്ഗാന്റെ മണ്ണില്‍ അവസരം ഒരുക്കില്ലെന്നും അന്താരാഷ്ട്ര സമൂഹവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും താലിബാന്‍ വ്യക്തമാക്കി.
ഐഎസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോക നേതാക്കള്‍ ചര്‍ച്ചയിലാണ്. ബ്രിട്ടീഷ് സര്‍ക്കാര്‍ അടിയന്തര യോഗം ചേര്‍ന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി നേരത്തെ തീരുമാനിച്ച കൂടിക്കാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്നറ്റ് മാറ്റിവച്ചു. കാബൂളില്‍ നിന്ന് അംബാസഡറെ നാട്ടിലേക്ക് വിളിക്കുമെന്ന് ഫ്രാന്‍സ് അറിയിച്ചു. അമേരിക്കക്കാര്‍ക്കും സ്‌ഫോടനത്തില്‍ പരിക്കേറ്റെന്ന് പെന്റഗണ്‍ വ്യക്തമാക്കി.
അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
സ്‌ഫോടനം മുന്നറിയിപ്പുകള്‍ക്കു പിന്നാലെ
ഐഎസ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. തൊട്ടു പിന്നാലെയാണ് തലസ്ഥാനത്തെ നടുക്കിയ ഉഗ്രസ്‌ഫോടനം അരങ്ങേറിയത്. ആക്രമികള്‍ക്ക് വിദേശ സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഐഎസ് ആക്രമണത്തിന് സാധ്യതയുണ്ടെന്നും യുഎസ് പൗരന്‍മാര്‍ കാബൂള്‍ വിമാനത്താവളം ഒഴിവാക്കണമെന്നും ഇന്നലെ കാബൂളിലെ യുഎസ് എംബസി മുന്നറിയിപ്പ് നല്‍കിയിരുന്നു.