ഏഴാമത്തെ പ്രവിശ്യാ തലസ്ഥാനവും പിടിച്ചെടുത്ത് താലിബാന്‍; ഇന്ത്യയുടെ സഹായം തേടി അഫ്ഗാന്‍ ഭരണകൂടം

ആഗസ്ത് 31ഓടെ അമേരിക്ക സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുന്നതോടെ താലിബാന്‍ അക്രമത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുമെന്നാണ് അഫ്ഗാനിസ്താന്‍ ആശങ്കപ്പെടന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വ്യോമസേന തങ്ങളുടെ വ്യോമസേനയുടെ പിന്തുണക്ക് എത്തണമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്ന് ദി പ്രിന്റ് റിപോര്‍ട്ട് ചെയ്തു.

Update: 2021-08-10 16:00 GMT

കാബൂള്‍: അഞ്ചു ദിവസങ്ങള്‍ക്കിടെ ഏഴാമത്തെ പ്രവിശ്യാ തലസ്ഥാനങ്ങളുടെ നിയന്ത്രണവും താലിബാന്‍ പിടിച്ചെടുത്തു. രാജ്യത്തെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഫറാഹ് ആണ് താലിബാന്‍ പിടിച്ചെടുത്തത്. ഇതോടെ വെള്ളിയാഴ്ചയ്ക്കു ശേഷം താലിബാന്‍ പിടിച്ചെടുക്കുന്ന ഏഴാമത്തെ പ്രവിശ്യതലസ്ഥാനമായി ഫറാഹ് മാറി. ഇന്നു ഉച്ചയോടെ സുരക്ഷാ സേനയുമായുള്ള ചെറിയ ഏറ്റുമുട്ടലിനൊടുവില്‍ താലിബാന്‍ സംഘം ഫറാഹ് നഗരത്തില്‍ പ്രവേശിക്കുകയും ഗവര്‍ണറുടെ ഓഫിസും പോലിസ് ആസ്ഥാനവും കൈവശപ്പെടുത്തുകയും ചെയ്തതായി ഫറാഹ് പ്രവിശ്യ കൗണ്‍സില്‍ അംഗം ശഹലാ അബുബര്‍ എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

അതേസമയം, ഏഴാമത്തെ പ്രവിശ്യാ തലസ്ഥാനവും താലിബാന്‍ പിടിച്ചടക്കിയതിനു പിന്നാലെ അഷ്‌റഫ് ഗനി ഭരണകൂടം ഇന്ത്യയുടെ പിന്തുണ തേടി.താലിബാന്‍ ആക്രമണം രൂക്ഷമായതിന് പിന്നാലെ പതിനായിരക്കണക്കിന് പേര്‍ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായിരുന്നു. തുടര്‍ന്നാണ് താലിബാന്‍ ആക്രമണം അവസാനിപ്പിക്കാന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ വ്യോമസേനയുടെ പിന്തുണ ആവശ്യപ്പെട്ടത്.

ആഗസ്ത് 31ഓടെ അമേരിക്ക സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുന്നതോടെ താലിബാന്‍ അക്രമത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുമെന്നാണ് അഫ്ഗാനിസ്താന്‍ ആശങ്കപ്പെടന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വ്യോമസേന തങ്ങളുടെ വ്യോമസേനയുടെ പിന്തുണക്ക് എത്തണമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്ന് ദി പ്രിന്റ് റിപോര്‍ട്ട് ചെയ്തു.

അഫ്ഗാനിസ്താന്‍ സൈന്യവും താലിബാനും തമ്മിലുള്ള പോരാട്ടം കഴിഞ്ഞ രണ്ട് ദിവസമായി രൂക്ഷമാണ്. രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ ഏറ്റവും വലിയ നഗരമായ മസാറെ ശരീഫ് പിടിച്ചടക്കാനാണ് താലിബാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. നഗരത്തിന്റെ നാല് വശങ്ങളില്‍ നിന്നും ആക്രമണം ആരംഭിച്ചതായി താലിബാന്‍ വക്താവ് സോഷ്യല്‍ മീഡിയ വഴി പ്രഖ്യാപിച്ചിരുന്നു.

നേരത്തെ, വടക്കന്‍ അഫ്ഗാനിലെ പ്രധാന നഗരമായ കുണ്ടൂസ് താലിബാന്‍ പിടിച്ചെടുത്തിരുന്നു. സൈന്യവുമായുള്ള കനത്ത ഏറ്റുമുട്ടലിന് ശേഷമാണ് നഗരം താലിബാന്‍ കീഴടക്കിയത്. നഗരത്തിലെ വിമാനത്താവളം ഒഴികെ മറ്റെല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും സംഘത്തിന്റെ പിടിയിലായെന്നാണ് പ്രദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞത്. നഗര മധ്യത്തില്‍ താലിബാന്‍ പതാക ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News