സിവിലിയന്‍മാരെ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമിക്കുന്നു; യുഎസുമായുള്ള സമാധാനക്കരാര്‍ തകര്‍ച്ചയുടെ വക്കിലെന്നും താലിബാന്‍
കരാറില്‍ വാഗ്ദാനം ചെയ്ത 5,000 താലിബാന്‍ തടവുകാരുടെ മോചനം വൈകിപ്പിക്കുന്ന അഫ്ഗാന്‍ സര്‍ക്കാര്‍ നടപടിയേയും താലിബാന്‍ കുറ്റപ്പെടുത്തി.
കാബൂള്‍: സിവിലിയന്മാര്‍ക്ക് നേരെ ഡ്രോണ്‍ (ആളില്ലാ വിമാനം) ആക്രമണം ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ യുഎസ് തുടരുന്നതിനാല്‍ രാജ്യത്ത് സമാധാനം പുനസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ അവരുമായുണ്ടാക്കിയ കരാര്‍ തകര്‍ച്ചയുടെ വക്കിലെന്ന് അഫ്ഗാന്‍ താലിബാന്‍. കൂടാതെ, കരാറില്‍ വാഗ്ദാനം ചെയ്ത 5,000 താലിബാന്‍ തടവുകാരുടെ മോചനം വൈകിപ്പിക്കുന്ന അഫ്ഗാന്‍ സര്‍ക്കാര്‍ നടപടിയേയും താലിബാന്‍ കുറ്റപ്പെടുത്തി. ഗ്രാമീണ ചെക്ക് പോസ്റ്റുകളില്‍ അഫ്ഗാന്‍ സുരക്ഷാ സേനയ്ക്കെതിരായ ആക്രമണങ്ങള്‍ വിലക്കിയിട്ടുണ്ടെന്നും നഗരങ്ങളിലോ സൈനിക സ്ഥാപനങ്ങളിലോ അന്താരാഷ്ട്ര സേനകളെയോ അഫ്ഗാന്‍ സൈന്യത്തേയോ കരാര്‍ ഉണ്ടാക്കിയതിനു ശേഷം ആക്രമിച്ചിട്ടില്ലെന്നും താലിബാന്‍ വ്യക്തമാക്കി.
യുഎസും അഫ്ഗാന്‍ സര്‍ക്കാരും കരാര്‍ ലംഘനം തുടരുകയാണെങ്കില്‍ ശക്തമായ ആക്രമണം നടത്തുമെന്ന് താലിബാന്‍ പോരാളികള്‍ മുന്നറിയിപ്പ് നല്‍കി. തുടര്‍ച്ചയായ കരാര്‍ ലംഘനം 'അവിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കും, അത് കരാറുകളെ തകര്‍ക്കും, മാത്രമല്ല തങ്ങളുടെ പോരാളികളെ സമാന തിരിച്ചടിക്ക് പ്രേരിപ്പിക്കും, അത് ഏറ്റുമുട്ടല്‍ ശക്തമാക്കും
'കരാറിലെ ഉള്ളടക്കങ്ങള്‍ പാലിക്കാനും കരാര്‍ പൂര്‍ണമായി പാലിക്കാന്‍ സഖ്യകക്ഷികളെ ജാഗ്രതപ്പെടുത്താനും തങ്ങള്‍ അമേരിക്കയോട് ഗൗരവമായി ആവശ്യപ്പെടുന്നതായും താലിബാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ആയിരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പകരമായി 5,000 താലിബാന്‍ തടവുകാരെ വിട്ടയക്കുന്നതില്‍ തുടര്‍ച്ചയായി വരുത്തുന്ന കാലതാമസം
വിശദീകരിക്കാന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ അനാവശ്യ വാദങ്ങള്‍ ഉയര്‍ത്തുകയാണെന്നും താലിബാന്‍ ആരോപിച്ചു.അതേസമയം, കരാറിലെ സൈനിക നിബന്ധനകള്‍ തങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടെന്നും താലിബാന്റെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും താലിബാന്റെ വാദങ്ങള്‍ തള്ളി അഫ്ഗാനിസ്ഥാനിലെ യുഎസ് സൈന്യം പറഞ്ഞു.