'മക്കള്‍'ക്കുവേണ്ടി സിമന്റ് നിര്‍മിച്ച് തമിഴ്‌നാട്
തമിഴ്‌നാട് സിമന്റ്‌സ് കോര്‍പ്പറേഷന്‍ 'വലിമൈ' എന്ന പുതിയ ബ്രാന്റ് പുറത്തിറക്കിയിരിക്കുകയാണ്
ചെന്നൈ: തമിഴ് മക്കളെ കാപ്പാത്താന്‍ വില കുറഞ്ഞ സിമന്റുമായി തമിഴ്‌നാട് സര്‍ക്കാര്‍. രാജ്യം വിലക്കയറ്റം മൂലം പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ജനങ്ങള്‍ക്ക് ഏറെ ആശ്വാസമാകുകയാണ് തമിഴ്‌നാട് സര്‍ക്കാറിന്റെ നൂതന പദ്ധതി. സ്വകാര്യ കമ്പനികള്‍ സിമന്റിന് വില കുത്തനെ കൂട്ടിയതോടെ വിടോ കെട്ടിടമോ നിര്‍മ്മിക്കാനുള്ള ചെലവ് താങ്ങാനാകാത്ത സാധാരണക്കാരെ ലക്ഷ്യമിട്ടാണ് സര്‍ക്കാറിന്റെ പദ്ധതി. സാധാരണ ജനങ്ങള്‍ക്കായി തമിഴ്‌നാട് സര്‍ക്കാര്‍ വിലക്കുറച്ച് സിമന്റ് നിര്‍മ്മിക്കുന്നുവെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ട്വീറ്ററില്‍ പോസ്റ്റ് ചെയ്തു.
തമിഴ്‌നാട് സിമന്റ്‌സ് കോര്‍പ്പറേഷന്‍ 'വലിമൈ' എന്ന പുതിയ ബ്രാന്റ് പുറത്തിറക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി സ്റ്റാലിന്‍ സിമന്റിന്റെ വിവരങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടു. വലിമൈയുടെ 50 കിലോഗ്രാം പ്രീമിയം ചാക്കിന് 350 രൂപയാണ് വില. വലിമൈ സുപ്പീരിയര്‍ ചാക്കിന് 365 രൂപയും. സ്വകാര്യ കമ്പനികളുടെ സിമന്റിന് 500 രൂപയോളം വിലയുണ്ട്. വിലകുറച്ച് സിമന്റ് വിപണിയിലെത്തിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കത്തിന് വന്‍ സ്വീകാര്യത ലഭിച്ചിരിക്കുകയാണ്. തമിഴ്‌നാട് സിമന്റ്‌സ് കോര്‍പ്പറേഷന് 17 ലക്ഷം മെട്രിക് ടണ്‍ സിമന്റ് ഉല്‍പാദിപ്പിക്കാന്‍ ശേഷയുള്ള മൂന്ന് പ്ലാന്റുകളാണ് നിലവിലുള്ളത്. സര്‍ക്കാരിന്റെ രണ്ടാമത്തെ സിമന്റ് ബ്രാന്റായിരിക്കും 'വലിമൈ'. നിലവില്‍ സര്‍ക്കാരിന്റെ തന്നെ 'അരസു' സിമന്റ് പ്രതിവര്‍ഷം 30000 ടണ്ണിനടുത്ത് വില്‍പ്പന നടക്കുന്നുണ്ട്. സാധാരണക്കാര്‍ക്ക് ഗുണം ചെയ്യുന്ന വിധത്തില്‍ വിലകുറച്ച് സിമന്റ് ഉല്‍പാദിപ്പിക്കുന്നത് വന്‍ കിട കമ്പനികളുടെ പ്രതിഷേധവും ക്ഷണിച്ചു വരുത്തിയിട്ടുണ്ട്.