'തന്താവി ഒരു വീരനല്ല': ആധുനിക ഈജിപ്ഷ്യന്‍ ചരിത്രത്തിലെ ക്രൂരനായ കൂട്ടക്കശാപ്പുകാരന്‍
തന്താവിയെ അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുടെ ഗോഡ്ഫാദര്‍ എന്നും ജനറല്‍മാര്‍ അധികാരത്തില്‍ തിരിച്ചെത്തിയതിന്റെ ശില്പി എന്നും പലരും വിശേഷിപ്പിക്കുന്നുണ്ട്.
കെയ്‌റോ: ഇന്നലെ അന്തരിച്ച ഈജിപ്ഷ്യന്‍ മുന്‍ പ്രതിരോധ മന്ത്രി ഫീല്‍ഡ് മാര്‍ഷല്‍ ഹുസൈന്‍ തന്താവി രാജ്യത്തെ ട്വിറ്ററില്‍ ട്രെന്റിങ് ആണ്. 'വിശ്വസ്തനായ മകന്‍', 'സൈനിക ചിഹ്നം', ഒക്ടോബര്‍ യുദ്ധത്തിലെ 'വീരന്‍' തുടങ്ങിയ പദങ്ങളാല്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ അദ്ദേഹത്തെ പ്രശംസകള്‍കൊണ്ട് മൂടുമ്പോള്‍, നൂറുകണക്കിന് നിരപരാധികളുടെ രക്തം അദ്ദേഹത്തിന്റെ കൈകളിലുണ്ടെന്നാണ് ഈജിപ്തിലെ സാധാരണക്കാര്‍ പറയുന്നത്.
ജനകീയ വിപ്ലവത്തിലൂടെ ഹുസ്‌നി മുബാറക്ക് എന്ന ഏകാധിപതിയെ പുറത്താക്കിയതിന് ശേഷം സായുധ സേനയുടെ പരമോന്നത കൗണ്‍സിലിന് നേതൃത്വം നല്‍കിയ 2011ലെ ഈജിപ്ഷ്യന്‍ പ്രക്ഷോഭ കാലയളവിലാണ് തന്താവി ഈജിപ്തിനകത്തും പുറത്തും അറിയപ്പെടുന്ന മുഖമായി മാറിയത്.
എന്നാല്‍, ന്യായമായ രാഷ്ട്രീയ പരിവര്‍ത്തനത്തിലൂടെ രാജ്യത്തെ വഴി നടത്തുന്നതിന് പകരം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഈജിപ്തിലെ സുരക്ഷാ സേന തഹ്‌രിര്‍ ചത്വരത്തില്‍ പ്രത്യേകിച്ച് 'ഒട്ടക' യുദ്ധത്തില്‍ പ്രക്ഷോഭകര്‍ക്കുനേരെ നിഷ്ഠൂരമായ ആക്രമണം അഴിച്ചുവിട്ട് ജനങ്ങള്‍ക്കിടയില്‍ ധ്രുവീകരണവും വിഭജനവുമാണ് ഉണ്ടാക്കിയത്.
തന്താവിയെ അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുടെ ഗോഡ്ഫാദര്‍ എന്നും ജനറല്‍മാര്‍ അധികാരത്തില്‍ തിരിച്ചെത്തിയതിന്റെ ശില്പി എന്നും പലരും വിശേഷിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഭരണത്തിന്‍ കീഴില്‍ ആയിരക്കണക്കിന് നിരപരാധികളെ അറസ്റ്റ് ചെയ്യുകയും തുറങ്കിലടയ്ക്കുകയും ചെയ്തിരുന്നു. മാസ്പറോ സ്‌റ്റേറ്റ് ടെലിവിഷന്‍ കെട്ടിടത്തില്‍ ഉള്‍പ്പെടെ ക്രൂരമായ കൂട്ടക്കൊലകളും തന്താവിയുടെ കീഴില്‍ അരങ്ങേറി.
അപ്പര്‍ ഈജിപ്തിലെ ക്രിസ്ത്യന്‍ ദേവാലയം തകര്‍ക്കപ്പെടുന്നത് തടയാന്‍ സൈന്യം ഇടപെട്ടില്ലെന്ന് ആരോപിച്ച് മുബാറക് സ്ഥാനമൊഴിഞ്ഞ് എട്ട് മാസങ്ങള്‍ക്ക് ശേഷം, മസ്പറോ കെട്ടിടത്തിലേക്ക് മാര്‍ച്ച് നടത്തിയ പ്രക്ഷോഭകരെ കൂട്ടക്കൊല നടത്തിയാണ് സൈന്യം അന്നു പ്രതികരിച്ചത്. 28 സാധാരണക്കാരാണ് സൈനിക ടാങ്കുകള്‍ക്ക് കീഴില്‍ അന്നു പിടഞ്ഞു മരിച്ചത്.
കെയ്‌റോയില്‍ താമസിക്കുന്ന മൈക്കല്‍ മിക്കാനൂ അര്‍മാനൂസ് എന്ന നടന്‍ ഇരകളുടെ പേരുകള്‍ ഇന്നലെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. 'ഈ രക്തസാക്ഷികളുടെ രക്തം ധതന്തവിയുടെ കൈകളിലുണ്ടെന്നാണ്' ഒരാള്‍ പ്രതികരിച്ചത്.
2011 ന്റെ അവസാനത്തില്‍, അധികാര പരിവര്‍ത്തനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഒരു ഇടക്കാല സര്‍ക്കാര്‍ മാത്രമായിരുന്നിട്ടും അതുവരെ യഥാര്‍ത്ഥ മാറ്റം നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട ഭരണകക്ഷിയായ എസ്‌സിഎഎഫ് പാര്‍ട്ടിയോടുള്ള അതൃപ്തി രേഖപ്പെടുത്താന്‍ ഒത്തുകൂടിയവര്‍ക്കു നേരെ വ്യാപക അതിക്രമമാണ് ഉണ്ടായത്.
ഈ സമയത്ത്, കെയ്‌റോയിലെ മുഹമ്മദ് മഹ്മൂദ് സ്ട്രീറ്റില്‍ സുരക്ഷാ സേനയ്‌ക്കെതിരെ ആറ് ദിവസം നീണ്ടുനിന്ന പ്രക്ഷോഭങ്ങളില്‍ 51 പേരെ സൈന്യം കൊന്നു തള്ളുകയും ചെയ്തിരുന്നു.
2011 ലെ പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ ഉണ്ടായിരുന്ന ഫുട്‌ബോള്‍ ക്ലബ്ബായ അല്‍അഹ്‌ലിയയുടെ ആരാധകരായ 'അള്‍ട്രാസിലെ' 74 ല്‍ അധികം പേരെയാണ് പോര്‍ട്ട് സെയ്ദ് സ്റ്റേഡിയത്തില്‍വച്ച് തന്താവിയുടെ മൗനാനുവാദത്തോടെ കൂട്ടക്കൊല ചെയ്തത്. അല്‍മസ്രി ആരാധകര്‍ കത്തികളും മറ്റും ഉപയോഗിച്ച് അള്‍ട്രാസുകള്‍ക്കെതിരേ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സ്‌റ്റേഡിയത്തിലുണ്ടായിരുന്ന പോലിസ് സംഘം അക്രമികള്‍ക്ക് സഹായം ചെയ്തു കൂടെനിന്നതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അല്‍മസ്‌റി ആരാധകര്‍ ആക്രമണം അഴിച്ചുവിടുമ്പോള്‍ സ്‌റ്റേഡിയത്തിലെ ലൈറ്റുകള്‍ അണച്ചും വാതിലുകള്‍ പൂട്ടിയും പോലിസുകാര്‍ക്ക് അക്രമികള്‍ക്ക് പിന്തുണ നല്‍കി. സുരക്ഷാ സേന പഴയ കണക്ക് തീര്‍ക്കുകയായിരുന്നുവെന്ന നിഗമനത്തിലേക്കാണ് അന്നു പലരും എത്തിച്ചേര്‍ന്നത്. 'രാജ്യദ്രോഹിയായ തന്താവി, ഞങ്ങള്‍ക്ക് നിങ്ങളുടെ തല വേണം,' അള്‍ട്രാസ് അന്ന് ഫേസ്ബുക്കില്‍ കുറിച്ചു,
ഏകദേശം 21 വര്‍ഷത്തോളം പ്രതിരോധ മന്ത്രിയായിരുന്ന തന്താവിയെ 2012ല്‍ മുഹമ്മദ് മുര്‍സി അധികാരത്തിലെത്തിയപ്പോള്‍ പതിറ്റാണ്ടുകളായി രാജ്യത്ത് നടന്ന സൈനിക ഭരണം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പുറത്താക്കുകയായിരുന്നു. മറ്റൊരു മുതിര്‍ന്ന സൈനികനായ സമി ഇനാനെയും ഇതോടൊപ്പം പുറത്താക്കിയിരുന്നു. എന്നിരുന്നാലും, തന്താവിയുടെ അടുത്ത കൂട്ടാളിയായ അബ്ദുല്‍ ഫത്താഹ് അല്‍സിസിയെയായിരുന്നു
പ്രതിരോധ മന്ത്രിയായി മുര്‍സി നിയമിച്ചത്.അല്‍സീസി മുസ്ലീം ബ്രദര്‍ഹുഡിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കുകയായിരുന്നു.