താനൂര്‍ ബോട്ടപകടം; ബോട്ട് ഉപയോഗിച്ചത് ലൈസന്‍സില്ലാതെ; മാനദണ്ഡങ്ങളും പാലിച്ചില്ല
മതിയായ ലൈഫ് ജാക്കറ്റുകളില്ലാതെയായിരുന്നു സഞ്ചാരികളെ കുത്തിനിറച്ചിരുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
താനൂര്‍: മലപ്പുറം താനൂരിനുസമീപം തൂവല്‍തീരത്ത് വിനോദസഞ്ചാരബോട്ട് മറിഞ്ഞ് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 22 പേര്‍ മരിച്ച സംഭവത്തില്‍ ബോട്ട് വിനോദസഞ്ചാരത്തിനുപയോഗിച്ചത് ലൈസന്‍സും മാനദണ്ഡങ്ങളും പാലിക്കാതെ. പുഴയുടെ കെട്ടുങ്ങല്‍ തീരത്തുനിന്ന് സര്‍വീസ് തുടങ്ങിയ അറ്റ്‌ലാന്റിക് ബോട്ടില്‍ വിനോദ സഞ്ചാരികളെ കുത്തിനിറച്ചായിരുന്നു യാത്ര. എന്നാല്‍ മതിയായ സുരക്ഷാ സംവിധാനങ്ങളൊന്നും തന്നെ ബോട്ടില്‍ ഉണ്ടായിരുന്നില്ല. താനൂര്‍ സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്.
യാത്രക്കാരായി ബോട്ടില്‍ ഉണ്ടായിരുന്നതിലേറെയും മത്സ്യബന്ധനവുമായി ബന്ധപ്പെട്ടവരായതു കൊണ്ടും തീരത്തോട് ചേര്‍ന്നുള്ളവരായതു കൊണ്ടു തന്നെ മിക്കവര്‍ക്കും നീന്തലറിയാമായിരുന്നു. എന്നാല്‍ ബോട്ട് തലകീഴായി മറിഞ്ഞതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. മതിയായ ലൈഫ് ജാക്കറ്റുകളില്ലാതെയായിരുന്നു സഞ്ചാരികളെ കുത്തിനിറച്ചിരുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.ദുരന്തത്തില്‍ ഒരു കുടുംബത്തിലെ സഹോദരങ്ങളുടെ ഭാര്യമാരും കുട്ടികളും അടക്കം പതിനൊന്നു പേരാണ് ദുരന്തത്തില്‍ പെട്ടത്. മരിച്ചവരില്‍ ഏറെയും കുട്ടികളും സ്ത്രീകളുമാണ്. വൈകീട്ട് എട്ടുമണിയോടെയാണ് പൂരപ്പുഴയില്‍ ബോട്ടുമുങ്ങിയെന്ന വാര്‍ത്ത പുറത്തുവരുന്നത്.
വെളിച്ചക്കുറവും ചെളിയും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. നാലുഭാഗവും ചില്ലുകൊണ്ട് മൂടിയ ബോട്ട് വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. പലവീടുകളുടേയും മതിലുകള്‍ പൊളിച്ചാണ് ആംബുലന്‍സുകള്‍ക്ക് വഴിയൊരുക്കിയത്.