സിംല: ഹിമാചല്‍ പ്രദേശിലെ മേഘവിസ്‌ഫോടനത്തിലും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും 16 പേര്‍ മരിച്ചു. സിംല നഗരത്തിലെ സമ്മര്‍ഹില്‍ ക്ഷേത്രം തകര്‍ന്ന് 9 പേരും സോളന്‍ ജില്ലയില്‍ മേഘവിസ്‌ഫോടനത്തെതുടര്‍ന്ന് 7 പേരുമാണ് മരിച്ചത്. നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതിനെതുടര്‍ന്ന് ചണ്ഡിഗഡ് സിംല ദേശീയപാത അടച്ചു. സമ്മര്‍ഹില്ലിലെ ക്ഷേത്രത്തിനുള്ളില്‍ 30 പേര്‍ കുടുങ്ങിയതായാണ് റിപോര്‍ട്ടുകള്‍. ക്ഷേത്രത്തില്‍ മാസപൂജയ്‌ക്കെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം, സോളനിലെ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട ആറുപേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. സോളനില്‍ മഴവെള്ളപ്പാച്ചിലില്‍ രണ്ട് വീടുകളും ഒരു ഗോശാലയും ഒഴുകിപ്പോയി. മേഘവിസ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് എല്ലാ ജില്ലാ കലക്ടര്‍മാരില്‍ നിന്നും മുഖ്യമന്ത്രി വിവരം തേടി. സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കാന്‍ ചീഫ് സെക്രട്ടറിക്കും കലക്ടര്‍മാര്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് ദിവസം കൂടി മഴ ശക്തമായി തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് പ്രവചനം.