മുസ് ലിംകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ക്ഷേത്ര കമ്മിറ്റി; എല്ലാ മതസ്ഥരേയും സ്വാഗതം ചെയ്ത് പള്ളി കമ്മിറ്റി
പയ്യന്നൂര്‍: ഉത്സവകാലങ്ങളില്‍ ക്ഷേത്രപ്പറമ്പിലേക്ക് മുസ്‌ലിംകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലത്ത് തന്നെ മധുര പ്രതികാരവുമായി പള്ളി കമ്മിറ്റി. ക്ഷേത്ര പറമ്പിലേക്ക് മുസ് ലിംകള്‍ക്ക് മാത്രം വിലക്കേര്‍പ്പെടുത്തിയ നടപടി വിവാദമായ സാഹചര്യത്തിലാണ് സൗഹാര്‍ദത്തിന്റെ സന്ദേശവുമായി കുഞ്ഞിമംഗലത്തെ പള്ളി കമ്മിറ്റി രംഗത്തെത്തിയത്. 'കുഞ്ഞിമംഗലം ചെമ്മട്ടിലാ ജുമാ മസ്ജിദിലേക്ക് മുഴുവന്‍ സഹോദര മതസ്ഥര്‍ക്കും സ്വാഗതം' എന്ന ബോര്‍ഡാണ് പള്ളിക്ക് മുന്നില്‍ വച്ചത്. 'ഉത്സവകാലങ്ങളില്‍ മുസ് ലിംകള്‍ക്ക് ക്ഷേത്ര പറമ്പില്‍ പ്രവേശനമില്ല' എന്ന ബോര്‍ഡ് നാലൂര്‍ സമുദായിമാര്‍ തൂക്കിയിരുന്നു. ഇത് ഏറെ വിവാദമായിട്ടും ക്ഷേത്ര കമ്മിറ്റി എടുത്തുമാറ്റാന്‍ തയ്യാറായില്ല. മുസ് ലിംകളെ മാത്രം പ്രത്യേകം മാറ്റി നിര്‍ത്തുന്നതിലെ വര്‍ഗീയത ചൂണ്ടിക്കാട്ടി സിപിഎം ഉള്‍പ്പടെ രംഗത്തെത്തിയെങ്കിലും പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള പ്രദേശത്ത് വിവാദ നടപടി തിരുത്താന്‍ കഴിഞ്ഞിരുന്നില്ല.
കണ്ണൂര്‍ പയ്യന്നൂരിനടത്തുള്ള കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലാണ് വിഷുവിളക്കുത്സവത്തിന് മുസ്‌ലിംകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബോര്‍ഡ് സ്ഥാപിച്ചത്. കഴിഞ്ഞ വര്‍ഷവും ഇതേസമയത്ത് സമാനമായ ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിരുന്നു. സംഭവം ഏറെ വിവാദമാവുകയും ചെയ്തു. എന്നാല്‍, ഈ വര്‍ഷവും ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. ഉത്സവകാലങ്ങളില്‍ മുസ്‌ലിംകള്‍ക്ക് ക്ഷേത്രപ്പറമ്പില്‍ പ്രവേശനമില്ല എന്നാണ് ബോര്‍ഡിലുള്ളത്. ക്ഷേത്രത്തിലെ ഭരണത്തിന് നേതൃത്വം നല്‍കുന്ന നാലൂര് സമുദായിമാരുടെ പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചത്. സിപിഎം പാര്‍ട്ടി ഗ്രാമമായ കുഞ്ഞിമംഗലത്ത് പ്രത്യക്ഷപ്പെട്ട ബോര്‍ഡിനെതിരെ സിപിഎം, പുരോഗമനകലാ സാഹിത്യ സംഘം, ഡിവൈഎഫ്‌ഐ തുടങ്ങിയ സംഘടനകള്‍ സജീവമായി രംഗത്തെത്തിയെങ്കിലും ക്ഷേത്രകമ്മിറ്റി ബോര്‍ഡുമാറ്റാന്‍ തയാറായിട്ടില്ല. വര്‍ഷങ്ങളായി ഉത്സവത്തിന് ബോര്‍ഡ് സ്ഥാപിക്കാറുണ്ടെന്നും വിവാദത്തില്‍ പ്രതികരിക്കേണ്ടതില്ലെന്നുമാണ് ബന്ധപ്പെട്ടവരുടെ നിലപാട്.