മായം കലര്‍ന്ന പാല്‍ കണ്ടെത്താന്‍ ചെക്ക് പോസ്റ്റില്‍ താല്‍കാലിക ലാബ്

Update: 2022-09-05 01:15 GMT

ഇടുക്കി: ഓണക്കാലത്ത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മായം കലര്‍ന്ന പാല്‍ കേരളത്തിലേക്ക് എത്തുന്നത് തടയാന്‍ അതിര്‍ത്തിയില്‍ പരിശോധന തുടങ്ങി. ക്ഷീര വികസന വകുപ്പിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കുമളി ചെക്ക് പോസ്റ്റില്‍ താല്‍ക്കാലിക ലാബ് ക്രമീകരിച്ചാണ് 24 മണിക്കൂറും പരിശോധന നടത്തുന്നത്. അതിര്‍ത്തി കടന്നു വരുന്ന പാലിന്റെയും മാര്‍ക്കറ്റില്‍ ലഭ്യമായ വിവിധ പാക്കറ്റ് പാലുകളുടേയും ഗുണമേന്മയും സുരക്ഷിതത്വവും ഇവിടെ പരിശോധിക്കും.

കഴിഞ്ഞ മാസം കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ മായം കലര്‍ന്ന പാല്‍ പിടികൂടിയിരുന്നു. മീനാക്ഷിപുരം ചെക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് പാല്‍ പിടിച്ചെടുത്തത്. 12750 ലിറ്റര്‍ പാലാണ് പിടികൂടിയത്. പാല്‍ കൊണ്ടു വന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. പ്രാഥമിക പരിശോധനയില്‍ പാലില്‍ യൂറിയ കലര്‍ത്തിയതായി കണ്ടെത്തി. കൊഴുപ്പ് ഇതര പദാര്‍ഥങ്ങളുടെ അളവ് വര്‍ധിപ്പിക്കാനാണ് യൂറിയ കലര്‍ത്തുന്നത്. ക്ഷീര വികസന വകുപ്പാണ് പരിശോധന നടത്തിയത്. തുടര്‍ നടപടിക്ക് പാല്‍ ടാങ്കര്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറിയിരുന്നു.

ഓണം ആയതിനാല്‍ കേരളത്തില്‍ കൂടുതല്‍ പാല്‍ ചെലവാകും എന്നതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പാല്‍ കേരളത്തിലെത്തും. ഇത് മുന്നില്‍ കണ്ടാണ് ചെക് പോസ്റ്റ് കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയത്.

Tags:    

Similar News