ബിജെപിയെ ഒറ്റപ്പെടുത്തുകയാണ് ലക്ഷ്യം; മതേതര ജനാധിപത്യം കെട്ടിപ്പടുക്കണം: യെച്ചൂരി

നിലവില്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇന്ധന വിലക്കയറ്റമാണ്. കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുകയാണ്.

Update: 2022-04-07 11:54 GMT

കണ്ണൂർ: ബിജെപിയെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയുമാണ് പാര്‍ട്ടിയുടെ മുഖ്യ ലക്ഷ്യമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎമ്മിനെ ശക്തിപ്പെടുത്തും. മതേതര ജനാധിപത്യം കെട്ടിപ്പടുക്കണം അതിനായി വിശാല മതേതര ഐക്യം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇന്ധന വിലക്കയറ്റമാണ്. കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുകയാണ്. നികുതി കുറച്ച് പെട്രോള്‍-ഡീസല്‍ വില നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപി സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നുവെന്നും യെച്ചൂരി ആരോപിച്ചു. വര്‍ഗീയ ശക്തികള്‍ക്കെതിരെ ഇടതുപക്ഷത്തിന്റേത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ്. മതേതര സഖ്യത്തില്‍ കോണ്‍ഗ്രസ് ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞിട്ടില്ല. സെമിനാറിലേക്ക് ക്ഷണിച്ചിട്ട് വരാത്ത കോണ്‍ഗ്രസിനെ എങ്ങനെ മതേതര മുന്നണിയിലേക്ക് ക്ഷണിക്കുമെന്നും അദ്ദേഹം ചോദിച്ചു.

സില്‍വര്‍ലൈന്‍ വിഷയത്തില്‍ സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. കേരളത്തിലെ സാഹചര്യങ്ങളെ കുറിച്ചാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസത്തെ പ്രസംഗത്തില്‍ പറഞ്ഞത്. വിഷയത്തില്‍ ആശയക്കുഴപ്പമില്ലെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

Similar News