വിവിഐപി വിമാന യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പുനപരിശോധിക്കുമെന്ന് വ്യോമസേന
വിവിഐപികളെ കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോക്കോള്‍ പുനര്‍ നിര്‍ണയിക്കുന്നത് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുമെന്നാണ് നിരീക്ഷണം
ന്യൂഡല്‍ഹി: വിവിഐപി വിമാന യാത്രയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുനപരിശോധിക്കുമെന്ന് വ്യോമസേന. കുനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് കൊല്ലപ്പെട്ട പശ്ചാതലത്തിലാണ് പുനപരിശോധന. അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും മാര്‍ഗനിര്‍ദേശങ്ങള്‍ പുനപരിശോധിക്കുക. അന്വേഷണം വസ്തു നിഷ്ടമായിരിക്കുമെന്ന് വ്യോമസേനാ മേധാവി വി ആര്‍ ചൗധരി പറഞ്ഞു. ഡിസംബര്‍ 8നാണ് ഊട്ടിയിലെ കൂനൂരില്‍ വ്യോമസേനയുടെ ചോപ്പര്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അപകടമുണ്ടായത്. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ വെല്ലിങ്ടണ്‍ യാത്രക്കിടെയായിരുന്നു രാജ്യത്തെ ഞെട്ടിച്ച അപകടം. അപകടത്തില്‍ സംയുക്ത കരസേനാ മേധാവി അടക്കമുള്ള 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. അപകടത്തില്‍ ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ദിവസങ്ങളോളം നീണ്ട ആശുപത്രി വാസത്തിന് ശേഷം ബുധനാഴ്ച മരണപ്പെട്ടു. വിവിഐപികളെ കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോക്കോള്‍ പുനര്‍ നിര്‍ണയിക്കുന്നത് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുമെന്നാണ് നിരീക്ഷണം.