ബൂത്തുകളായി ഉപയോഗിച്ച സ്‌കൂളുകള്‍ക്ക് സംഭവിച്ച കേടുപാടുകള്‍ പരിഹരിക്കാന്‍ ഉത്തരവിട്ട് ബാലാവകാശ കമ്മീഷന്‍
കൊല്ലം ജില്ലയിലെ പരവൂര്‍ കൂനയില്‍ ഗവ. എല്‍പി സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഗൗരി ബി എസ് സമര്‍പ്പിച്ച പരാതിയുടേയും മാധ്യമ വാര്‍ത്തയുടെയും അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ഉത്തരവ്.
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ ബൂത്തുകളായി ഉപയോഗിച്ച സ്‌കൂളുകള്‍ക്ക് സംഭവിച്ച കേടുപാടുകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ തുക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കണമെന്ന് ഉത്തരവിട്ട് ബാലാവകാശ സംരക്ഷണ കമ്മീഷന്‍.
പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂള്‍ മതിലുകളിലും ക്ലാസ്സ്മുറികളിലും വരച്ചു ചേര്‍ത്ത ആമയുടേയും മുയലിന്റേയും ആനയുടേയും അടക്കമുള്ള ചിത്രങ്ങളുടെ മുകളില്‍ തിരഞ്ഞെടുപ്പിന്റെ അറിയിപ്പുകള്‍ പതിപ്പിച്ച് നശിപ്പിക്കുകയും മനോഹരമായി പെയിന്റടിച്ച സ്‌കൂള്‍ ഭിത്തികളില്‍ പെയിന്റ് കൊണ്ട് ബൂത്ത് വിവരങ്ങള്‍ സ്ഥിരമായി എഴുതി വികൃതമാക്കുകയും ചെയ്തു എന്ന് ആരോപിച്ച് കൊല്ലം ജില്ലയിലെ പരവൂര്‍ കൂനയില്‍ ഗവ. എല്‍പി സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഗൗരി ബി എസ് സമര്‍പ്പിച്ച പരാതിയുടേയും മാധ്യമ വാര്‍ത്തയുടെയും അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ഉത്തരവ്.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ്കുമാര്‍, അംഗങ്ങളായ കെ നസീര്‍, റെനി ആന്റണി എന്നിവരടങ്ങിയ ഫുള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹകരണത്തോടെ രണ്ട് മാസത്തിനുള്ളില്‍ ഇത്തരം സ്‌കൂളുകളില്‍ പരിശോധന നടത്തി കേടുപാടുകളുടെ മൂല്യം നിര്‍ണയിക്കാനും കമ്മീഷന്‍ ഉത്തരവിട്ടു.