കേന്ദ്രത്തിനു പിന്നാലെ സംസ്ഥാനവും ഇന്ധന നികുതിയില്‍ ഇളവ് നല്‍കുമെന്ന് ധനമന്ത്രി

ജനങ്ങള്‍ക്ക് ആശ്വാസകരമായ തീരുമാനമുണ്ടാകും. കേന്ദ്രം നികുതി കുറച്ചത് പോരാ. ഇന്ധനവില വര്‍ധനയില്‍ ജനം പൊറുതിമുട്ടുമ്പോള്‍ മുഖം രക്ഷിക്കുന്ന നടപടിയാണ് കേന്ദ്രം സ്വീകരിച്ചതെന്നും ബാലഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Update: 2021-11-03 17:04 GMT

തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ കുറച്ചതനുസരിച്ച് സംസ്ഥാനവും ഇളവ് അനുവദിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജനങ്ങള്‍ക്ക് ആശ്വാസകരമായ തീരുമാനമുണ്ടാകും. കേന്ദ്രം നികുതി കുറച്ചത് പോരാ. ഇന്ധനവില വര്‍ധനയില്‍ ജനം പൊറുതിമുട്ടുമ്പോള്‍ മുഖം രക്ഷിക്കുന്ന നടപടിയാണ് കേന്ദ്രം സ്വീകരിച്ചതെന്നും ബാലഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

33 രൂപ വരെ വര്‍ധിപ്പിച്ച സ്‌പെഷ്യല്‍ എക്‌സൈസ് ഡ്യൂട്ടിയില്‍ നിന്നാണ് ഇപ്പോള്‍ കേന്ദ്രം 5 രൂപ കുറച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരിക്കുന്നത് സാധാരണ നികുതിയില്‍ നിന്നല്ല. സ്‌പെഷ്യല്‍ എക്‌സൈസ് ഡ്യൂട്ടി എന്ന് പറഞ്ഞ് വര്‍ധിപ്പിക്കുന്ന നികുതിയില്‍ നിന്നാണ്. ഇത് സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടതില്ല. അങ്ങനെ 33 രൂപ വരെ വര്‍ധിപ്പിച്ച തുകയില്‍ നിന്നാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്. ഇനിയും കുറക്കേണ്ടതാണ്. ഇത് നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണെന്നും ധനമന്ത്രി പറഞ്ഞു.

രാജ്യത്ത് പ്രതിദിനം ഇന്ധനവില കുതിച്ചുയരുന്നതിനിടെയാണ് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ കുറച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും കുറയും. ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വില കുറയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വാറ്റ് നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.

ഇന്ധന വിലയില്‍ ഈ വര്‍ഷത്തെ റെക്കോര്‍ഡ് വര്‍ധനവിനു ശേഷമാണ് ഇപ്പോള്‍ വില കുറയുന്നത്. ഒക്ടോബറില്‍ പെട്രോള്‍ ലീറ്ററിന് 7.82 രൂപയും ഡീസല്‍ 8.71 രൂപയുമാണ് കൂടിയത്. ഇതിനു മുന്‍പ് ഏറ്റവും കൂടുതല്‍ വില വര്‍ധിച്ചത് ഫെബ്രുവരിയിലാണ്. പെട്രോളിന് 4.87 രൂപയും ഡീസലിന് 5.24 രൂപയും.

Tags:    

Similar News