വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത് അതിനിഷ്ഠൂരമായി; കഴുത്ത് അറ്റുതൂങ്ങിയ നിലയില്‍, കൈകളിലും ആഴത്തിലുള്ള മുറിവുകള്‍
കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ ശ്യാംജിത്ത് എന്ന യുവാവ് പോലിസില്‍ കീഴടങ്ങുകയായിരുന്നു. വിഷ്ണുപ്രിയ അവസാനമായി വിളിച്ചത് ഇയാളെയായിരുന്നു. പാനൂരിലെ ടെക്സ്റ്റയില്‍സ് ജീവനക്കാരനാണ് ശ്യാംജിത്ത്.
കണ്ണൂര്‍: പാനൂര്‍ വള്ള്യായില്‍ 23കാരിയായ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത് അതിനിഷ്ഠൂരമായി.കഴുത്ത് അറ്റുതൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കൈകളിലും ആഴത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നു.ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ (23)യെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പാനൂരിലെ സ്വകാര്യ ലാബ് ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ.
ബന്ധുവായ സ്ത്രീയാണ് ആദ്യം മൃതദേഹം കണ്ടത്. മുറിക്കുള്ളിലെ കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൊലപാതകിയെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ ശ്യാംജിത്ത് എന്ന യുവാവ് പോലിസില്‍ കീഴടങ്ങുകയായിരുന്നു. വിഷ്ണുപ്രിയ അവസാനമായി വിളിച്ചത് ഇയാളെയായിരുന്നു. പാനൂരിലെ ടെക്സ്റ്റയില്‍സ് ജീവനക്കാരനാണ് ശ്യാംജിത്ത്.
പ്രണയപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലിസ് പറയുന്നു. കൂത്തുപറമ്പ് എസിപി ഓഫിസില്‍ എത്തിച്ച് നടത്തിയ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായാണ് പൊലീസ് നല്‍കുന്നവിവരം.
ഇന്ന് ഉച്ചയോടെയാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരുടെ അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി കുടുംബവീട്ടിലായിരുന്നു യുവതി. ഇന്ന് രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. മകള്‍ തിരികെ വരാന്‍ വൈകിയതോടെ അന്വേഷിച്ചെത്തിയ ബന്ധുവാണ് വിഷ്ണുപ്രിയയെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ വീട്ടിനകത്ത് കണ്ടെത്തിയത്.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം സമീപവാസികളില്‍ നിന്ന് വിവരം തിരക്കി. ഒരാള്‍ മുഖംമൂടി ധരിച്ച് പോകുന്നത് കണ്ടെന്ന് സമീപവാസികളിലൊരാള്‍ മൊഴി നല്കി. തുടര്‍ന്ന് വിഷ്ണുപ്രിയയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് പോലിസ് അന്വേഷണം നടത്തി. പ്രതി വിഷ്ണുപ്രിയക്ക് പരിചയമുള്ളയാളാകാമെന്ന സംശയത്തെ തുടര്‍ന്നായിരുന്നു ഇത്. ഇതേ തുടര്‍ന്നാണ് ശ്യാംജിത്തിനെ കസ്റ്റഡിയിലെടുത്തത്.