വയനാട് പുനരധിവാസത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: പി അബ്ദുല്‍ ഹമീദ്
മേപ്പാടി(വയനാട്): വയനാട്ടിലുണ്ടായിരിക്കുന്ന ദുരന്തം ഒന്നാമത്തേതോ രണ്ടാമത്തേതോ അല്ലെന്നും അവിടുത്തെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ ഇത്തരം ദുരന്തങ്ങള്‍ തുടരാനാണ് സാധ്യതയെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. കഴിഞ്ഞ ദിവസം വയനാട്ടിലെ ദുരിതം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്‍ ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും മരണാനന്തര പുനരധിവാസവും നടത്തുന്ന രീതി അവസാനിപ്പിക്കേണ്ടതുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ അധിവസിക്കുന്നവരെ ജീവിച്ചിരിക്കുമ്പോള്‍ തന്നെ മാറ്റിപ്പാര്‍പ്പിക്കാന്‍ കഴിയണം. ഇപ്പോള്‍ തകര്‍ന്നടിഞ്ഞ വീടുകളില്‍ പലതും നിര്‍മാണയോഗ്യമായ പ്രദേശങ്ങളില്‍ ആയിരുന്നില്ല എന്നു കണ്ടെത്താനാവും. ഇത്തരം പ്രദേശങ്ങളില്‍ നിര്‍മാണാനുമതി നിഷേധിക്കപ്പെടേണ്ടതുണ്ട്. വയനാട്ടില്‍ സംഭവിച്ചത് മനുഷ്യനിര്‍മിത ദുരന്തമാണെന്ന പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. മാധവ് ഗാഡ്ഗിലിന്റെ പ്രസ്താവന നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. ' മനുഷ്യ കരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി കടലിലും കരയിലും നാശം സംജാതമായിരിക്കുന്നു' എന്ന പ്രമാണ ഗ്രന്ഥത്തിലെ മുന്നറിയിപ്പ് യാഥാര്‍ഥ്യമാവുന്നതാണ് കാണുന്നത്. വയനാട്ടിലെ സംഭവം കേന്ദ്രം ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുനരധിവാസത്തിന് ഫലപ്രദമായ പാക്കേജുകള്‍ അനുവദിക്കണം. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരുകള്‍ തയ്യാറാവണമെന്നും പി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.