വാഹന പരിശോധനയ്ക്കിടെ പോലിസ് എറിഞ്ഞിട്ട യുവാവിനെ തിരിഞ്ഞു നോക്കാതെ സംസ്ഥാന സര്‍ക്കാര്‍
പോലിസ് ഉദ്യോഗസ്ഥന്റെ നിയമവിരുദ്ധ നടപടി ഇല്ലാതാക്കിയത് യുവാവിന്റെ ജീവിതവും കുടുംബത്തിന്റെ പ്രതീക്ഷകളുമാണ്.
കൊല്ലം: കടയ്ക്കലില്‍ വാഹന പരിശോധനയ്ക്കിടെ പോലിസ് എറിഞ്ഞിട്ട യുവാവിനെ തിരിഞ്ഞു നോക്കാതെ സംസ്ഥാന സര്‍ക്കാര്‍. സാമ്പത്തിക പരാധീനതയുള്ള കുടുംബം ചികില്‍സയ്ക്ക് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്. അതിക്രമത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘം യുവാവിന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു.
ഓര്‍മക്കുറവും സംസാരശേഷിക്കുറവും സിദ്ദിഖിനെ അലട്ടുന്നുണ്ട് . ഏറ്റവും കുറഞ്ഞത് മൂന്നു മാസമെങ്കില്ലും ഇങ്ങിനെ കഴിയേണ്ടി വരും. വിദഗ്ധ ചികില്‍സ ലഭിച്ചാല്‍ ഒരു പക്ഷേ പഴയതു പോലെ ആകൂ എന്നാണ് കുടുംബം പറയുന്നത്. പോലിസ് ഉദ്യോഗസ്ഥന്റെ നിയമവിരുദ്ധ നടപടി ഇല്ലാതാക്കിയത് യുവാവിന്റെ ജീവിതവും കുടുംബത്തിന്റെ പ്രതീക്ഷകളുമാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികില്‍സയ്ക്ക് ശേഷം സിദ്ദിഖ് കടയ്ക്കലിലെ വീട്ടില്‍ വിശ്രമത്തിലാണ്. പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വിദേശത്തു നിന്നു അച്ഛന്‍ മടങ്ങി വന്നതിനാല്‍ കുടുംബത്തിന് വരുമാന മാര്‍ഗമൊന്നുമില്ല. ഈ സാഹചര്യത്തിൽ സർക്കാർ പുലർത്തുന്ന നിസ്സംഗത ചർച്ചകൾക്കിടയാക്കിയിട്ടുണ്ട്.
വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയെന്ന് ആരോപിച്ച് കഴിഞ്ഞ മാസം ഇരുപത്തിെയട്ടാം തീയതിയാണ് പോലിസ് ഉദ്യോഗസ്ഥന്‍ സിദ്ധിഖിനെ എറിഞ്ഞിട്ടത്. ആരോപണ വിധേയനായ സിവില്‍ പൊലീസ് ഓഫീസർ ചന്ദ്രമോഹനന്റെ സസ്പെന്‍ഷനപ്പുറം മറ്റ് വകുപ്പ് തല നടപടിയൊന്നും ഉണ്ടായിട്ടില്ല. റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം തുടരുകയാണ്.