തേജസ് വാരിക പ്രകാശനം ചെയ്തു; തേജസ് പത്രം നിര്‍ത്തേണ്ടിവരുന്നത് അനീതി മൂലം: ജെ ദേവിക
ദിനപത്രത്തിനെതിരായ നീക്കം തേജസ് ഉയര്‍ത്തുന്ന ശബ്ദത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഈ ശബ്ദം നിലച്ചുപോവാതിരിക്കാന്‍ കഠിന ശ്രമം നടത്തേണ്ടതുണ്ടെന്നും അവര്‍ ഓര്‍മിപ്പിച്ചു.
തിരുവനന്തപുരം: തേജസ് ദിനപത്രം അച്ചടി നിര്‍ത്തേണ്ടി വരുന്നത് അനീതിമൂലമാണെന്ന് പ്രമുഖ എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ ഡോ. ജെ ദേവിക. ദിനപത്രത്തിനെതിരായ നീക്കം തേജസ് ഉയര്‍ത്തുന്ന ശബ്ദത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഈ ശബ്ദം നിലച്ചുപോവാതിരിക്കാന്‍ കഠിന ശ്രമം നടത്തേണ്ടതുണ്ടെന്നും അവര്‍ ഓര്‍മിപ്പിച്ചു. തേജസ് വാരികയുടെ പ്രകാശന ചടങ്ങില്‍ ആദ്യ കോപ്പി പ്രമുഖ മാധ്യമ നിരൂപകന്‍ ഭാസുരേന്ദ്രബാബുവില്‍ നിന്ന് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു ദേവിക. ഈ ശബ്ദത്തെ ശ്രദ്ധാപൂര്‍വം ഉപയോഗിക്കാനും എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്തി വികസിപ്പിക്കാനും ശ്രമിക്കണം. തേജസ് ഇവിടെ നിലനില്‍ക്കേണ്ടതുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേ തെറ്റായ പ്രചാരണങ്ങള്‍ നടത്താന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട്. നിസാരമെന്നും ഭ്രാന്തമെന്നും തള്ളിക്കളയാതെ
ഇസ്്‌ലാമോഫോബിയ്‌ക്കെതിരേ ശക്തമായി പ്രതികരിക്കണം. നിലവില്‍ സെക്കുലര്‍ ഇടതുപക്ഷമില്ല. ഉത്തരവാദ ഇടതുപക്ഷം എന്ന സ്ഥാനം നാം ഏറ്റെടുക്കണമെന്നും ഇടതുപക്ഷമായി നിലകൊള്ളണമെന്നും ദേവിക പറഞ്ഞു. ന്യൂനപക്ഷ വിരുദ്ധ അതിക്രമങ്ങള്‍ രാജ്യത്ത് വര്‍ധിക്കുകയാണെന്ന് ഭാസുരേന്ദ്രബാബു പറഞ്ഞു. കംപ്യൂട്ടറും മൊബൈലും ഉള്‍പ്പെടെ പരിശോധിക്കാന്‍ ഏജന്‍സികള്‍ക്കു അനുമതി നല്‍കുന്നതിനെതിരേ പ്രതികരിച്ചവരെയാണ് കഴിഞ്ഞ ദിവസം ഭീകരബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്.
പത്രം നിന്നു പോവുന്നത് പ്രതിരോധം നിന്നു പോവുന്നതിനു തുല്യമാണ്. പ്രതിരോധങ്ങളില്‍ വിള്ളല്‍ വീഴരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. തേജസ് സാമൂഹിക ദൗത്യമാണ് നിര്‍വഹിക്കുന്നതെന്നും ആ ദൗത്യം തുടരുമെന്നും തേജസ് ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി എസ് നിസാര്‍ പറഞ്ഞു. തേജസ് ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി കെ എച്ച് നാസര്‍ അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശം, പരിസ്ഥിതി, മര്‍ദ്ദിത പക്ഷം എന്ന നിലപാടുകളാണ് തേജസ് തുടക്കം മുതല്‍ തുടരുന്നതെന്നും ആ നിലപാടുകളില്‍ യാതൊരു വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാരിക എഡിറ്റര്‍ ഇന്‍ ചാര്‍ജ്് പി എ എം ഹാരിസ് സംസാരിച്ചു. ബി നൗഷാദ്, പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി, ഫത്തഹുദ്ദീന്‍ റഷാദി, പാനിപ്ര ഇബ്രാഹീം മൗലവി, പ്രഫ. അബ്ദുര്‍ റഷീദ്, ഉള്ളാട്ടില്‍ അബ്ദുല്‍ ലത്തീഫ് മൗലവി, കരമന സലീം, സിയാദ് കണ്ടള സംബന്ധിച്ചു.