
ടുവാലു: ശാന്തസമുദ്രത്തില്‍ ആസ്‌ത്രേലിയക്കും യുഎസിലെ ഹവായിക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന വിദൂര ദ്വീപായ ടുവാലുവില്‍ ആദ്യ എടിഎം പ്രവര്‍ത്തനം ആരംഭിച്ചു. ലോകമെമ്പാടും എടിഎം എത്തിയിട്ടും ടുവാലുവില്‍ ഒരെണ്ണം പോലും സ്ഥാപിക്കാന്‍ സാധിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് ഒരെണ്ണം സ്ഥാപിക്കാന്‍ പ്രധാനമന്ത്രി ഫെലെത്തി തിയോ തീരുമാനിച്ചത്. ടുവാലുവിന്റെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലുകളില്‍ ഒന്നാണ് ഇതെന്ന് വലിയ ഒരു കേക്ക് മുറിച്ച് പ്രധാനമന്ത്രി പറഞ്ഞു. ടുവാലുക്കാരെ ആധുനിക ബാങ്കിങ് രീതിയിലേക്ക് കൊണ്ടുവരാന്‍ എടിഎം സഹായിക്കുമെന്ന് പസിഫിക് ടെക്‌നോളജി ലിമിറ്റഡിലെ ഉദ്യോഗസ്ഥനായ നിസാര്‍ അലി പറഞ്ഞു.


ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണ് ടുവാലു. പത്ത് ചതുരശ്ര മൈലില്‍ താഴെ വലുപ്പമുള്ള ഒമ്പത് ദീപുകളാണ് രാജ്യം. 2023ല്‍ മൂവായിരം സഞ്ചാരികള്‍ ദ്വീപുകളിലെത്തി. അയല്‍രാജ്യമായ ഫുജിയിലേക്ക് ആഴ്ച്ചയില്‍ ഏതാനും വിമാനങ്ങള്‍ ടുവാലുവിലെ ഫുനാഫുട്ടി വിമാനത്താവളത്തില്‍ നിന്നും പുറപ്പെടും. വിമാനസര്‍വീസ് ഇല്ലാത്തപ്പോള്‍ നാട്ടുകാര്‍ റണ്‍വേയില്‍ ഗോള്‍ഫ് കളിക്കുകയാണ് ചെയ്യുക. ദ്വീപുകളിലേക്ക് ബോട്ടുകളിലാണ് നാട്ടുകാര്‍ പോവുക.