സോഷ്യല്‍ മീഡിയയിലെ യുദ്ധവീരന്മാര്‍ അതിര്‍ത്തിയില്‍ പോയി യുദ്ധം ചെയ്യൂ; കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ
ബുദ്ഗാമില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ച സൈനികന്‍ നിനാഥ് മന്ദാവ്ഗനെയുടെ ഭാര്യ വിജേതയാണ് സോഷ്യല്‍ മീഡിയയില്‍ യുദ്ധവീരന്മാര്‍ക്കെതിരേ രംഗത്തെത്തിയത്.
നാസിക്: സോഷ്യല്‍ മീഡിയയില്‍ യുദ്ധത്തിന് വേണ്ടി മുറവിളി കൂട്ടുകയും പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യുന്നവരെ രൂക്ഷണായി കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ. ബുദ്ഗാമില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ച സൈനികന്‍ നിനാഥ് മന്ദാവ്ഗനെയുടെ ഭാര്യ വിജേതയാണ് സോഷ്യല്‍ മീഡിയയില്‍ യുദ്ധവീരന്മാര്‍ക്കെതിരേ രംഗത്തെത്തിയത്. സുരക്ഷിത സ്ഥലങ്ങളിലിരുന്ന് സോഷ്യല്‍മീഡിയയില്‍ യുദ്ധംവേണമെന്ന് കുരയ്ക്കുന്നവര്‍ നേരിട്ട് അതിര്‍ത്തിയില്‍ പോയി യുദ്ധം ചെയ്യട്ടെ എന്ന് വിജേത പറയുന്നു.
സോഷ്യല്‍മീഡിയയിലെ ആക്രോശങ്ങള്‍ ഭീകരമാണ്. അവര്‍ പുറത്തിറങ്ങാതെ ബഹളം കൂട്ടുക മാത്രമാണ്. യുദ്ധം വേണമെന്ന് മുറവിളി കൂട്ടുന്ന സോഷ്യയില്‍ മീഡിയാ പോരാളികളോട് എനിക്ക് ഒന്നേ പറയാനുള്ളു. അത്രയ്ക്ക് ആഗ്രഹമാണെങ്കില്‍ നിങ്ങളിപ്പോള്‍ ചെയ്യുന്നത് അവസാനിപ്പിച്ച്, പോയി സേനയില്‍ ചേര്‍ന്ന് എങ്ങനെയുണ്ടെന്ന് മനസിലാക്കണം- അവര്‍ പറഞ്ഞു.
വ്യാഴാഴ്ച നാസികില്‍ എത്തിച്ച കൊല്ലപ്പെട്ട സൈനികന്‍ നിനാഥിന്റെ ഭൗതിക ശരീരം വെള്ളിയാഴ്ചയാണ് സംസ്‌കരിച്ചത്. കഴിഞ്ഞ ദിവസമാണ് കശ്മീരിലെ ബുദ്ഗാമില്‍ വ്യോമസേനയുടെ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് സൈനികര്‍ കൊല്ലപ്പെട്ടത്. സേനയുടെ എംഎ 17 ഹെലികോപ്ടറാണ് തകര്‍ന്നത്.