പ്രായപൂര്‍ത്തിയാകാത്ത മുസ്‌ലിം യുവാവിനെ കാറിടിച്ച് കൊന്നു; ഗോ രക്ഷാ സംഘത്തിലെ മൂന്നു പേര്‍ അറസ്റ്റില്‍
പശുക്കളെ കൊണ്ടുപോവുകയായിരുന്ന ട്രക്കിനെ കാറില്‍ പിന്തുടരുകയായിരുന്ന സംഘം റോഡരികിലൂടെ നടന്നുപോവുകയായിരുന്ന 17 കാരനായ സാബിര്‍ ഖാനെ ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മുസ്‌ലിം കൗമാരക്കാരനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സ്വയം പ്രഖ്യാപിത ഗോരക്ഷാ സംഘത്തിലെ മൂന്നു പേര്‍ അറസ്റ്റില്‍. ഈ മാസം 12ന് രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിക്കടുത്തുള്ള ആല്‍വാര്‍ ജില്ലയിലെ ഭിവാഡിയിലെ ചുപങ്കി പോലിസ് സ്‌റ്റേഷന്‍ പരിസരത്താണ് സംഭവം നടന്നത്. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ സാബിര്‍ ഖാന്‍ ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ അല്‍വാര്‍ ജില്ലയിലെ ഭിവാഡി ഫേസ് 3യിലെ താമസക്കാരനായ സോനു (25), ഹരിയാനയിലെ നൂഹ് നിവാസിയായ ഹിമാന്‍ഷു (22) എന്ന ഹര്‍കേഷ്, ഹരിയാനയിലെ മേവാത്ത് (നൂഹ്) സ്വദേശി നരേന്ദ്ര (22) എന്നിവരെയാണ് ഭിവാഡിയിലെ ചോപാങ്കി പോലിസ് അറസ്റ്റ് ചെയ്തത്.
പശുക്കളെ കൊണ്ടുപോവുകയായിരുന്ന ട്രക്കിനെ കാറില്‍ പിന്തുടരുകയായിരുന്ന സംഘം റോഡരികിലൂടെ നടന്നുപോവുകയായിരുന്ന 17 കാരനായ സാബിര്‍ ഖാനെ ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.
സാബിറിന്റെ കുടുംബത്തിന്റെ പരാതിയില്‍ ഏഴു പേര്‍ക്കെതിരേയാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത്ത. അമിതവേഗത്തില്‍ വാഹനമോടിച്ചതിനെച്ചൊല്ലി ഗോരക്ഷാ സംഘത്തിലുണ്ടായിരുന്ന അനിലുമായി അടുത്തിടെ സബീര്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു.
'അന്ന്, അനില്‍ തന്റെ അനന്തരവനെയും സുഹൃത്തിനേയും ഭീഷണിപ്പെടുത്തി, മേലില്‍ നിങ്ങള്‍ ഈ വഴി പോവുന്നത് കണ്ടാല്‍, ഈ കാറുമായി നിങ്ങളെ താന്‍ ഇടിച്ചുവീഴ്ത്തും, കാരണം ഗൗരക്ഷദളുമായും ബജ്‌റംഗദളുമായും ബന്ധമുള്ള തന്നെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ല' -സംഭവത്തിന് ശേഷം സാബിറിന്റെ അമ്മാവന്‍ നല്‍കിയ എഫ്‌ഐആര്‍ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു.
സാബിറിനെ ഇടിച്ചുവീഴ്ത്തിയ ശേഷം, പ്രതി തന്റെ മുന്‍ ഭീഷണി സുഹൃത്തുക്കളെയും ഓര്‍മിപ്പിച്ചതായി കുടുംബം ചൂണ്ടിക്കാട്ടി.