പന്‍സാരെ വധം: ഗൗരി ലങ്കേഷ്-ധബോല്‍ക്കര്‍ കൊലക്കേസ് പ്രതികളായ മൂന്നുപേര്‍ കൂടി അറസ്റ്റില്‍

ഗൗരി ലങ്കേഷ് വധത്തിനു രണ്ടാണ്ട് പിന്നിടുമ്പോഴാണ് അതേ കേസിലെ പ്രതികളെ പന്‍സാരെ വധത്തിലും അറസ്റ്റ് രേഖപ്പെടുത്തുന്നത്

Update: 2019-09-06 10:20 GMT

കോലാപൂര്‍: ഹിന്ദുത്വവിമര്‍ശകനും മുതിര്‍ന്ന സിപിഐ നേതാവുമായിരുന്ന ഗോവിന്ദ് പന്‍സാരെയെ കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേരെ കൂടി പ്രത്യേകാന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഗൗരി ലങ്കേഷ്-നരേന്ദ്ര ധബോല്‍ക്കര്‍ കൊലക്കേസുകളില്‍ ഉള്‍പ്പെടെ പ്രതികളായ മുംബൈയിലെ ജയിലില്‍ കഴിയുന്ന സചിന്‍ ആന്തുറെ, അമിത് ബഡി, ഗണേഷ് മിസ്‌കിന്‍ എന്നിവരെയാണ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ഇതോടെ പന്‍സാരെ വധത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. നരേന്ദ്ര ധബോല്‍ക്കറെ കൊലപ്പെടുത്തിയ കേസില്‍ പൂനെ യെര്‍വാദ ജയിലില്‍ കഴിയുന്ന ആന്തുറെ ഉന്നംതെറ്റാതെ വെടിയുതിര്‍ക്കുന്നതില്‍ കേമനാണ്. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ റിമാന്‍ഡിലുള്ള മറ്റു രണ്ടുപേരും കര്‍ണാടകയിലെ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസിലും മഹാരാഷ്ട്രയിലെ നല്ലസോപാര ആയുധശേഖരണക്കേസിലും പ്രതികളാണ്.

    2015 ഫെബ്രുവരി 16നാണ് ഗോവിന്ദ് പന്‍സാരെയ്ക്ക് കോലാപുരില്‍ വച്ച് വെടിവച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ഫെബ്രുവരി 20ന് മരണപ്പെട്ടു. 2013 ആഗസ്ത് 20ന് പൂനെയില്‍ പ്രഭാത സവാരിക്കിടെയാണ് നരേന്ദ്ര ധബോല്‍ക്കറിനെ വെടിവച്ചുകൊന്നത്. സാമൂഹിക-മാധ്യമ രംഗങ്ങളില്‍ ഹിന്ദുത്വരുടെ കണ്ണിലെ കരടായി മാറിയ ഗൗരി ലങ്കേഷിനെ 2017 സപ്തംബര്‍ അഞ്ചിനു രാത്രിയാണ് ബെംഗളൂരുവിലെ രാജരാജേശ്വരി വീട്ടില്‍ വച്ച് വെടിവച്ചുകൊന്നത്. മൂന്നു കൊലപാതകങ്ങളും ഒരേ സംഘത്തിനു ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ നേരത്തേ കണ്ടെത്തിയിരുന്നു. ഗൗരി ലങ്കേഷ് വധത്തിനു രണ്ടാണ്ട് പിന്നിടുമ്പോഴാണ് അതേ കേസിലെ പ്രതികളെ പന്‍സാരെ വധത്തിലും അറസ്റ്റ് രേഖപ്പെടുത്തുന്നത്.




Full View



Tags:    

Similar News