ചിലര്‍ പൂരം അട്ടിമറിച്ചു; തൃശൂര്‍ പൂരം കലക്കല്‍ റിപോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

Update: 2024-09-24 16:38 GMT

തൃശൂര്‍: തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തിലെ അന്വേഷണ റിപോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ എജിക്ക് നല്‍കിയ റിപോര്‍ട്ട് വൈകാതെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. സ്ഥാപിത താപര്യങ്ങള്‍ക്ക് വേണ്ടി ചിലര്‍ പൂരം അട്ടിമറിച്ചെന്നാണ് റിപോര്‍ട്ടിലെ പ്രധാന പരാമര്‍ശം. തിരുമ്പാടി ദേവസ്വം സെക്രട്ടറിക്കെതിരേ രൂക്ഷ വിമര്‍ശനമാണ് റിപോര്‍ട്ടിലുള്ളത്.

    പൂരം നിര്‍ത്തിവയ്ക്കാതിരിക്കാന്‍ വേണ്ടി പാറമേക്കാവ് ദേവസ്വവും തൃശൂര്‍ ജില്ലാ ഭരണകൂടവും പരമാവധി ശ്രമിച്ചിട്ടും തിരുവമ്പാടി ദേവസ്വം ഏകപക്ഷീയമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. ഒടുക്കം ആ തീരുമാനത്തിന് പാറമേക്കാവ് ദേവസ്വത്തിനും ജില്ലാ ഭരണകൂടത്തിനും വഴങ്ങേണ്ടി വന്നതായി റിപോര്‍ട്ടില്‍ പറയുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എടുത്ത നിരുത്തരവാദപരമായ സമീപനവും പൂരം നടത്തിപ്പിനെ ബാധിച്ചെന്നും റിപോര്‍ട്ടിലുണ്ട്. പൂരം അട്ടിമറിക്കാന്‍ ഗുഢാലോചന നടന്നെന്നും അതില്‍ തുടരന്വേഷണം വേണമെന്നും റിപോര്‍ട്ടിലുണ്ട്. തിരുവമ്പാടി ദേവസ്വം സെക്രട്ടറി ബോധപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്ന് പരാമര്‍ശമുണ്ടെങ്കിലും രാഷ്ട്രീയ പരാമര്‍ശങ്ങളൊന്നുമില്ല. തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ്‌കുമാര്‍ കോണ്‍ഗ്രസ് നേതാവാണ്. 600 പേജുള്ള റിപോര്‍ട്ട് മുദ്രവച്ച കവറില്‍ മെസഞ്ചര്‍ വഴിയാണ് ഡിജിപിക്ക് കൈമാറിയിരുന്നത്.

Tags:    

Similar News