
കൊല്ലം: സ്ത്രീധനത്തിന് വേണ്ടി യുവതിയെ പട്ടിണിക്കിട്ട് കൊന്നെന്ന കേസില്‍ ഭര്‍ത്താവും മാതാവും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പൂയപ്പള്ളി ചരുവിള വീട്ടില്‍ ചന്തുലാല്‍ (36), മാതാവ് ഗീത ലാലി (62) എന്നിവരെയാണ് കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി കുറ്റക്കാരെന്നു കണ്ടെത്തിയത്. വിചാരണക്കാലയളവില്‍ മരിച്ച മൂന്നാം പ്രതിയും ചന്തുലാലിന്റെ പിതാവുമായ ലാലിയെ കേസില്‍ നിന്നൊഴിവാക്കി.
2013ലാണ് ചന്തുലാലിന്റെയും കരുനാഗപ്പള്ളി അയണിവേലില്‍ സൗത്ത് തുഷാര ഭവനില്‍ തുഷാരയുടെയും വിവാഹം നടന്നത്. മൂന്നാം മാസം മുതല്‍ സ്ത്രീധനത്തുക ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ തുടങ്ങി. 2019 മാര്‍ച്ച് 21ന് രാത്രിയാണ് തുഷാരയെ(27) മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൃതദേഹത്തിന്റെ ഭാരം വെറും 20 കിലോഗ്രാം ആയിരുന്നു. ആമാശയത്തില്‍ ഭക്ഷണത്തിന്റെ അംശം ഇല്ലായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു. ചന്തുലാലിന്റെ കുടുംബത്തിന്റെ ക്രൂരതയെ കുറിച്ച് 27 തവണയാണ് പോലിസില്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍, ബിജെപി നേതാക്കള്‍ ഇടപെട്ട് പരാതി പിന്‍വലിപ്പിച്ചെന്നും ആരോപണം ഉയര്‍ന്നു.