തമിഴ്‌നാട്ടില്‍ പെട്രോളിന് മൂന്ന് രൂപ കുറച്ചു; കന്നി ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനവുമായി ഡിഎംകെ സര്‍ക്കാര്‍

എണ്ണക്കമ്പനികള്‍ അടിക്കടി ഇന്ധന വില വര്‍ധിപ്പിക്കുന്നതിനിടെയാണ് എക്‌സൈസ് നികുതിയിനത്തില്‍ ലഭിക്കേണ്ട മൂന്നുരൂപ തമിഴ്‌നാട് വേണ്ടെന്ന് വച്ചത്.

Update: 2021-08-13 10:25 GMT

ചെന്നൈ: ഏപ്രിലില്‍ അധികാരത്തിലേറിയ തമിഴ്‌നാട് ഡിഎംകെ സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനം. സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് മൂന്ന് രൂപ കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന എക്‌സൈസ് തീരുവയില്‍നിന്ന് പെട്രോളിന് ലിറ്ററിന് മൂന്ന് രൂപ കുറക്കുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. എണ്ണക്കമ്പനികള്‍ അടിക്കടി ഇന്ധന വില വര്‍ധിപ്പിക്കുന്നതിനിടെയാണ് എക്‌സൈസ് നികുതിയിനത്തില്‍ ലഭിക്കേണ്ട മൂന്നുരൂപ തമിഴ്‌നാട് വേണ്ടെന്ന് വച്ചത്.

പ്രതിവര്‍ഷം 1160 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഇതുവഴി സര്‍ക്കാരിനുണ്ടാവുക. ഡീസല്‍ സബ്‌സിഡിയില്‍നിന്നുള്ള 750 കോടി പൊതുഗതാഗത സംവിധാനത്തിനായി മാറ്റിവയ്ക്കുമെന്നും ബജറ്റില്‍ നിര്‍ദേശമുണ്ട്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിര്‍ദേശപ്രകാരമാണ് പെട്രോളിനുള്ള എക്‌സൈസ് തീരുവ കുറച്ചതെന്ന് ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി പി ടി ആര്‍ പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞു.

ത്യാഗരാജന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ധനസ്ഥതി സംബന്ധിച്ച ധവളപത്രം കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്‌നാട് നിയമസഭയില്‍ തന്റെ ആദ്യത്തെ കടലാസ് രഹിത ബജറ്റ് ധനമന്ത്രി അവതരിപ്പിച്ചത്. ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ പറഞ്ഞ കാര്യങ്ങളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബജറ്റിലെ മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍

യോഗ്യരായ കുടുംബങ്ങളിലെ വനിതാ അംഗങ്ങള്‍ക്ക് 1,000 രൂപ പ്രതിമാസ സഹായം

കോയമ്പത്തൂരില്‍ 500 ഏക്കറില്‍ പ്രതിരോധ വ്യവസായ പാര്‍ക്ക്. ഇതിന് 3,000 കോടിയുടെ നിക്ഷേപമാണ് കണക്കാക്കുന്നത്.

സ്ത്രീ ബസ് യാത്രികര്‍ക്ക് സബ്‌സിഡി നല്‍കുന്നതിന് 703 കോടിയുടെ ഗ്രാന്‍ഡ്

അടുത്ത പത്ത് വര്‍ഷത്തില്‍ തമിഴ്‌നാട്ടില്‍ വന്‍തോതില്‍ വൃക്ഷത്തൈ നടീല്‍ പദ്ധതി

സെക്രട്ടേറിയറ്റിലും മറ്റുവകുപ്പുകളിലും തമിഴ് ഔദ്യോഗിക ഭാഷയായി തുടരാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തും

ജലസേചനത്തിനായി 6,607.17 കോടി. ലോക ബാങ്ക്, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് ഫണ്ടുകള്‍ എന്നിവ ഉപയോഗിച്ച് പദ്ധതികള്‍ ഏറ്റെടുക്കും.

എല്ലാ കോടതികള്‍ക്കും കെട്ടിടങ്ങള്‍ നിര്‍മിക്കുകയും കോടതികളിലെ എല്ലാ തസ്തികകളും നികത്തുകയും ചെയ്യും. ജുഡീഷ്യല്‍ അഡ്മിനിസ്‌ട്രേഷനായി 1,713 കോടി

പ്രത്യേക പൊതുവിതരണ പദ്ധതി തുടരും.

ഭക്ഷ്യ സബ്‌സിഡി 8,000 കോടി രൂപയായി ഉയര്‍ത്തി

റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് നവീകരിച്ച സംയോജിത റോഡ് സുരക്ഷാ മാനേജ്‌മെന്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കും

മുഖ്യമന്ത്രിയുടെ ഇന്‍ഷുറന്‍സ് പദ്ധതി ഈ വര്‍ഷം 1,046 കോടി രൂപ ചെലവില്‍ നടപ്പാക്കും

കീലാടി ഉള്‍പ്പെടെയുള്ള പുരാവസ്തു കേന്ദ്രങ്ങളില്‍ ഖനനം തുടരാന്‍ 5 കോടി

ജലശക്തി പദ്ധതിയിലൂടെ കുടിവെള്ളം ലഭ്യമാക്കുന്നതിന് 2,000 കോടി

ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള 27 പട്ടണങ്ങളില്‍ ഭൂഗര്‍ഭ മലിനജല പദ്ധതി

സ്മാര്‍ട്ട് സിറ്റി മിഷനുകളുടെയും അമൃതിന്റെയും പ്രവര്‍ത്തനങ്ങള്‍ 2023 ഓടെ പൂര്‍ത്തിയാവും

ചെന്നൈയെ പോസ്റ്റര്‍ രഹിതമാക്കാനുള്ള ശ്രമം

സിംഗാര ചെന്നൈ (ചെന്നൈയുടെ സൗന്ദര്യവല്‍ക്കരണം) 2.0 ആരംഭിക്കും

ചെന്നൈയില്‍ മൂന്ന് പുതിയ മേല്‍പാലങ്ങള്‍ക്ക് അംഗീകാരം

മണ്ഡലം വികസന ഫണ്ട് 3 കോടി രൂപയായി നിശ്ചയിച്ചു

ഗ്രാമങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ അന്ന മരുമലാര്‍ച്ചി പദ്ധതി

ഗ്രാമീണ ഭവനനിര്‍മാണത്തിനായി 3,800 കോടി രൂപ നീക്കിവയ്ക്കും

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എട്ട് ലക്ഷം ഭവനരഹിത കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചുനല്‍കും

ജലാശയങ്ങളുടെയും തണ്ണീര്‍ത്തടങ്ങളുടെയും സംരക്ഷണത്തിനായി ജിപിഎസ് സംവിധാനം

Tags:    

Similar News