കുടയത്തൂര്‍ ഉരുള്‍പൊട്ടല്‍; രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു, മരണം മൂന്നായി
ഇടുക്കി: തൊടുപുഴ കുടയത്തൂരിലെ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍പ്പെട്ട കുടുംബത്തിലെ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. എന്നാല്‍, മൃതദേഹം തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കുടയത്തൂര്‍ സംഗമം ജങ്ഷന് സമീപം താമസിക്കുന്ന ചിറ്റടിച്ചാലില്‍ സോമന്‍ എന്നയാളുടെ വീടിന് മുകളിലേക്കാണ് പുലര്‍ച്ചെ മൂന്നിന് മണ്ണിടിഞ്ഞ് വീണത്. സോമന്‍, അമ്മ തങ്കമ്മ, ഭാര്യ ഷിജി മകള്‍ നിമ, നിമയുടെ മകന്‍ ദേവാനന്ദ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. സോമന്റെ മാതാവ് തങ്കമ്മയുടെയും ചെറുമകന്‍ ഏഴ് വയസ്സുകാരന്‍ ദേവാനന്ദിന്റെയും മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.
മണ്ണിനടിയില്‍ ഇനി രണ്ടുപേര്‍കൂടി കുടുങ്ങിക്കിടപ്പുണ്ട്. സംഗമം കവല മാളിയേക്കല്‍ കോളനിയിലാണ് പുലര്‍ച്ചെ മൂന്നുമണിയോടെ ഉരുള്‍പൊട്ടലുണ്ടായി ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മണ്ണിനടിയില്‍പ്പെട്ടത്. ഇനി രണ്ടുപേര്‍ കൂടി മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടാവുമെന്ന നിഗമനത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.
പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലിസും തിരച്ചില്‍ നടത്തുകയാണ്. ഇന്നലെ രാത്രി മുതല്‍ പ്രദേശത്ത് അതിശക്തമായമായ മഴയാണ് പെയ്യുന്നത്. ഈ മഴയ്ക്ക് ഒടുവിലാണ് വലിയ ശബ്ദത്തോടെ ഉരുള്‍പൊട്ടിയത്. വീട് പൂര്‍ണമായും മണ്ണിനടിയില്‍പ്പെട്ട അവസ്ഥയിലാണ്. വീടിന്റെ അടിത്തറ മാത്രമാണ് ഇപ്പോഴുള്ളത്. മണ്ണും പാറയും വലിയ രീതിയില്‍ പതിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ രക്ഷാപ്രവര്‍ത്തനം വളരെ ശ്രമകരമാണ്. സ്ഥലത്ത് വലിയ രീതിയില്‍ മണ്ണടിഞ്ഞ് കിടക്കുന്നുണ്ട്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കാനാണ് ശ്രമം.