ടി പി കേസ് പ്രതികളുടെ അപ്പീല്‍: സര്‍ക്കാരിനും കെ കെ രമയ്ക്കും സുപ്രിംകോടതി നോട്ടിസ്
ന്യൂഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതികള്‍ നല്‍കിയ അപ്പീലില്‍ സംസ്ഥാന സര്‍ക്കാരിനും കെ കെ രമ എംഎല്‍എയ്ക്കും സുപ്രിംകോടതി നോട്ടിസ് അയച്ചു. ഹൈക്കോടതി വിധിക്കെതിരേ നല്‍കിയ പ്രത്യേക അനുമതി ഹരജികളിലും അപ്പീലുകളിലും ജാമ്യാപേക്ഷകളിലും ആറാഴ്ചയ്ക്കം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചത്. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, എസ് സി ശര്‍മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. വിശദമായി കേള്‍ക്കേണ്ട കേസാണിതെന്നു ചൂണ്ടിക്കാട്ടിയാണ് നോട്ടിസ് അയച്ചത്. മാത്രമല്ല, കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെയും വിചാരണക്കോടതിയുടെയും പരിഗണനയിലുള്ള എല്ലാ രേഖകളും സുപ്രിം കോടതിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു.
ആര്‍എംപി നേതാവായിരുന്ന ടി പി ചന്ദ്രശേഖരനെ ബൈക്കില്‍ വാഹനമിടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ആദ്യ അഞ്ച് പ്രതികളായ അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി എന്നിവര്‍ക്കും ഏഴാം പ്രതി ഷിനോജിനും ഹൈക്കോടതി ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരുന്നത്. ഇതിനെതിരെ നല്‍കിയ അപ്പീലുകളിലും ഹരജികളിലും ഇവര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകനും മുന്‍ സോളിസിസ്റ്റര്‍ ജനറലുമായ രഞ്ജിത്ത് കുമാര്‍, സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ സ്റ്റാന്റിങ് കോണ്‍സല്‍ ജി പ്രകാശ് എന്നിവരാണ് ഹാജരായത്. കേസിലെ 10ാം പ്രതിയായിരുന്ന കെ കെ കൃഷ്ണനെയും 12ാം പ്രതിയായിരുന്ന ജ്യോതി ബാബുവിനെയും വിചാരണക്കോടതി വെറുതെവിട്ടിരുന്നെങ്കിലും ഇവരെ ഗൂഢാലോചനാക്കുറ്റം ചുമത്തി ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇരുവര്‍ക്കുംവേണ്ടി സീനിയര്‍ അഭിഭാഷകനും മദ്രാസ് ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയുമായ എസ് നാഗമുത്തുവാണ് ഹാജരായത്.