തോക്ക് കടത്ത്: ജയിലില്‍ കഴിയുന്ന ടി പി കേസ് പ്രതിയെ ബെംഗളൂരു പോലിസ് കസ്റ്റഡിയിലെടുത്തു
കണ്ണൂര്‍: കര്‍ണാടകയിലെ തോക്ക് കടത്ത് കേസുമായി ബന്ധപ്പെട്ട് ടി പി ചന്ദ്രശേഖരന് കൊലക്കേസ് പ്രതിയെ ബെംഗളൂരു പോലിസ് കസ്റ്റഡിയിലെടുത്തു. ടി പി ചന്ദ്രശേഖരന് വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുന്ന നാലാം പ്രതി പൊന്ന്യം സ്വദേശി ടി കെ രജീഷിനെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കര്‍ണാടക പോലിസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവില്‍നിന്നെത്തിയ പോലിസ് രജീഷുമായി കര്‍ണാടകയിലേക്ക് പോയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ തോക്കുമായി രണ്ടുപേരെ പോലിസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രജീഷിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ടി കെ രജീഷിന്റെ നിര്‍ദേശ പ്രകാരമാണ് കേരളത്തിലേക്ക് തോക്ക് കടത്തുന്നതെന്ന് പിടിയിലായവര്‍ മൊഴിനല്‍കിയിരുന്നു. ഇക്കാര്യത്തില്‍ വിശദമായ ചോദ്യംചെയ്യലിനു വേണ്ടിയാണ് കോടതി ഉത്തരവുമായി കര്‍ണാടക പോലിസ് കണ്ണൂരിലെത്തിയത്. ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം മഹാരാഷ്ട്രയിലെ ഒരുഗ്രാമത്തില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം രജീഷിനെ പിടികൂടിയിരുന്നത്. ടി പി വധക്കേസില്‍ ഇയാള്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ശിക്ഷ അനുഭവിക്കുകയാണ്.