ന്യൂഡല്‍ഹി: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തലാക്കിയ ട്രെയിന്‍ സര്‍വീസ് ഭാഗികമായ രീതിയില്‍ നാളെമുതല്‍ പുനരാരംഭിക്കുമെന്ന് അറിയിക്കുകയും യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരം നല്‍കുകയും ചെയ്‌തെങ്കിലും വെബ് സൈറ്റിലെ സാങ്കേതിക തകരാറ് കാരണം ട്രെയിന്‍ യാത്രയ്ക്കുള്ള ബുക്കിങ് വൈകുന്നു. മെയ് 12, നാളെ മുതല്‍ രാജ്യത്ത് ആരംഭിക്കുന്ന പാസഞ്ചര്‍ ട്രെയിനുകളിലെ ടിക്കറ്റ് ബുക്കിങിലാണ് സാങ്കേതികമായ തകരാറുണ്ടായത്. ഐആര്‍ടിസി വെബ്‌സൈറ്റിലൂടെയും ആപ്ലിക്കേഷനിലൂടെയുമുള്ള ബുക്കിങ് വൈകീട്ട് ആറിന് ആരംഭിക്കുമെന്നാണ് റെയില്‍വേ അറിയിക്കുന്നത്. പ്രത്യേക ട്രെയിനുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കുന്നുണ്ടെന്നും ടിക്കറ്റ് ബുക്കിങ് അല്‍പ്പസമയത്തിനകം ലഭ്യമാകുമെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു.
ടിക്കറ്റ് നിരക്കില്‍ ഭക്ഷണ ചാര്‍ജ്ജ് ഉണ്ടാവില്ല. ഇ-കാറ്ററിങോ പ്രീ-പെയ്ഡ് ഭക്ഷണ സംവിധാനങ്ങളോ ഉണ്ടാവില്ല. ലഘു ഭക്ഷണപ്പൊതികളും, പാനീയങ്ങളും മാത്രം പണം നല്‍കി ഉപയോഗിക്കാം. യാത്രക്കാര്‍ വീടുകളില്‍ നിന്നും ഭക്ഷണം കൊണ്ടുവരണമെന്നും റെയില്‍വേ അറിയിപ്പ് നല്‍കിയിട്ടുണ്ട്. യാത്രക്കാര്‍ 90 മിനിറ്റ് മുമ്പ് സ്‌റ്റേഷനില്‍ ഉണ്ടായിരിക്കണം, ട്രെയിനുകള്‍ പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പ് പ്രവേശനം നിര്‍ത്തും, യാത്രക്കാര്‍ സ്‌റ്റേഷനില്‍ പ്രവേശിക്കുന്നതിനുമുമ്പ് പരിശോധന നടത്തും, ലക്ഷണമില്ലാത്തവരെ മാത്രമേ കയറാന്‍ അനുവദിക്കൂ തുടങ്ങിയ മാര്‍ഗ നിര്‍ദേശങ്ങളും നല്‍കിയിരുന്നു.