ഗിനിയില്‍ തടഞ്ഞുവച്ച ഇന്ത്യക്കാരെ നൈജീരിയക്ക് കൈമാറില്ല; അറസ്റ്റിലായ മലയാളി ചീഫ് ഓഫിസറെ നാവികസേന തിരികെ കപ്പലിലെത്തിച്ചു

Update: 2022-11-08 05:31 GMT

കൊണാക്രി: സമുദ്രാതിര്‍ത്തി ലംഘിച്ചതിന് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ എക്വറ്റോറിയല്‍ ഗിനിയില്‍ തടഞ്ഞുവച്ച ഹീറോയിക്ക് ഇഡുന്‍ കപ്പലിലെ മലയാളി ഓഫിസര്‍ സനു ജോസിനെ നൈജീരിയക്ക് കൈമാറില്ല. അറസ്റ്റ് ചെയ്ത കൊച്ചി സ്വദേശിയും കപ്പലിലെ ചീഫ് ഓഫിസറുമായ സനു ജോസിനെ തിരികെ കപ്പലില്‍തന്നെ എത്തിച്ചു. സനു ജോസിനെ നൈജീരിയക്ക് കൈമാറുമെന്ന ആശങ്കക്കിടെയാണ് കപ്പലില്‍ തിരികെയെത്തിച്ചിരിക്കുന്നത്.

സനു ജോസിനെ ഗിനിയിലെ നാവികസേന അറസ്റ്റ് ചെയ്ത് നൈജീരിയയുടെ യുദ്ധക്കപ്പലിലേക്ക് കൊണ്ടുപോയിരുന്നു. എക്വറ്റോറിയല്‍ ഗിനി നാവികസേനയാണ് സനുവിനെ അറസ്റ്റ് ചെയ്തത്. സനു ജോസിനൊപ്പം പിടിയിലായ മലയാളികളടക്കമുള്ള 15 ഇന്ത്യക്കാരെ നൈജീരിയക്ക് കൈമാറുന്നത് തടഞ്ഞതായും ഇവരെ ഹോട്ടലിലേക്ക് മാറ്റിയതായും റിപോര്‍ട്ടുകളുണ്ട്. ഹോട്ടല്‍ തടവുകേന്ദ്രമാക്കിയാണ് ഇവരെ പാര്‍പ്പിച്ചിക്കുന്നത്. സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നാണ് നൈജീരിയക്ക് കൈമാറുന്നത് ഒഴിവാക്കിയത്. വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ എംബസിയും വിഷയത്തില്‍ ഇടപെട്ടതും കൈമാറ്റം തടയുന്നതിന് കാരണമായെന്നാണ് വിവരം.

കപ്പലിലെ ജീവനക്കാരെ മുമ്പുണ്ടായിരുന്ന ഹോട്ടലിലേക്കുതന്നെ മാറ്റുന്നതായി കപ്പലില്‍ സനുവിനൊപ്പമുള്ള കൊച്ചി സ്വദേശി മില്‍ട്ടന്‍ അറിയിച്ചതായി ഭാര്യ ശീതള്‍ മാധ്യമങ്ങളോട് പറഞ്ഞു. കപ്പല്‍ ഗിനി സൈനികരുടെ നിയന്ത്രണത്തിലാണെന്നും എപ്പോള്‍ വേണമെങ്കിലും നൈജീരിയന്‍ നേവിക്ക് കൈമാറുമെന്നും കപ്പലിലുള്ള മലയാളി വിജിത്ത് പുറത്തുവിട്ട വീഡിയോയിലൂടെ അറിയിച്ചിരുന്നു. ജീവനക്കാരുടെ മോചനത്തിനായുള്ള ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസില്‍നിന്നു വിജിത്തിന്റെ വീട്ടിലേക്ക് ഫോണ്‍ ചെയ്ത് അറിയിച്ചിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരനും കഴിഞ്ഞ ദിവസം കുടുംബത്തിന് ഉറപ്പുനല്‍കിയിരുന്നു. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരനാണ് വിജിത്ത്.

കൊച്ചി സ്വദേശിയായ മിലനാണ് സംഘത്തിലെ മൂന്നാമത്തെ മലയാളി. ആഗസ്ത് എട്ടിനാണ് നോര്‍വേ ആസ്ഥാനമായ 'എംടി ഹീറോയിക് ഇഡുന്‍' എന്ന കപ്പല്‍ നൈജീരിയയിലെ എകെപിഒ ടെര്‍മിനലില്‍ ക്രൂഡ് ഓയില്‍ നിറയ്ക്കാനെത്തിയത്. കപ്പലിന് സമീപത്തേക്ക് ഒരു ബോട്ട് എത്തുന്നത് കണ്ടതോടെ രാജ്യാന്തര കപ്പല്‍ച്ചാലിലേക്കു മാറ്റിയിടുകയും ചെയ്തു. പിറ്റേന്ന് ഗിനിയയിലെ നേവി ഉദ്യോഗസ്ഥര്‍ കപ്പലിലെത്തി സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ കപ്പലിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുത്തതായി അറിയിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത കപ്പലില്‍ 26 പേരാണുള്ളത്. ഇവരില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 16 പേര്‍ ഇന്ത്യക്കാരാണ്.

നോര്‍വേ ആസ്ഥാനമായ ഹീറോയിക് ഇഡുന്‍ എന്ന കപ്പലിലെ ജീവനക്കാരെയാണ് സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് തടഞ്ഞുവച്ചിരിക്കുന്നത്. കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് സ്ഥാനപതി കാര്യാലയം അറിയിച്ചിരുന്നു. ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ഗിനിയിലെ ഇന്ത്യന്‍ എംബസിയും വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് മലയാളി ഓഫിസര്‍ അറസ്റ്റിലായത്.

നൈജീരിയന്‍ നാവിക സേനയുടെ നിര്‍ദേശപ്രകാരമാണ് ഗിനി നേവി, ഇവര്‍ ജോലിചെയ്യുന്ന കപ്പല്‍ കസ്റ്റഡിയിലെടുത്തത്. മോചനദ്രവ്യം കപ്പല്‍ കമ്പനി നല്‍കിയിട്ടും ഇവരെ മോചിപ്പിച്ചിട്ടില്ല. സമുദ്രാതിര്‍ത്തി ലംഘിച്ചതിന് കപ്പല്‍ കമ്പനിയില്‍ നിന്ന് 20 ലക്ഷം ഡോളര്‍ പിഴ ഈടാക്കിയിരുന്നു. അതിന് ശേഷമാണ് അറസ്റ്റ് നടപടികളിലേക്ക് ഗിനി കടന്നത്. കപ്പലിന്റെ നിയന്ത്രണവും രാജ്യത്തെ സൈന്യം ഏറ്റെടുത്തിരിക്കുകയാണ്.

Tags:    

Similar News