'ട്രാന്‍സ്ജന്‍ഡേഴ്‌സ് പുരുഷന്‍മാരെ പോലെ'; പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്ഥാപനത്തില്‍ പ്രവേശനം നല്‍കില്ലെന്ന് പാലാ അല്‍ഫോന്‍സാ കോളജ്

പുരുഷന്‍മാരെ പോലെ തന്നെ ട്രാന്‍സ്ജന്‍ഡേഴ്‌സിനെയും കണക്കാക്കണമെന്നും മാനേജ്‌മെന്റ് പറഞ്ഞു.

Update: 2019-07-09 11:32 GMT

കോട്ടയം: പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്ഥാപനത്തില്‍ മറ്റൊരു ലിംഗത്തില്‍പ്പെട്ടവരെ പ്രവേശിപ്പിക്കണമെന്ന നിര്‍ദേശം അപ്രായോഗികവും പെണ്‍കുട്ടികളുടെ സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതുമാണെന്ന് പാലാ ആല്‍ഫോന്‍സാ കോളജ് മാനേജ്‌മെന്റ്. പുരുഷന്‍മാരെ പോലെ തന്നെ ട്രാന്‍സ്ജന്‍ഡേഴ്‌സിനെയും കണക്കാക്കണമെന്നും മാനേജ്‌മെന്റ് പറഞ്ഞു.

ട്രാന്‍സ്ജന്‍ഡേഴ്‌സിന് എല്ലാ കോളജുകളിലും എല്ലാ കോഴ്‌സുകളിലേക്കും പ്രവേശനം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് എല്ലാ ലിംഗത്തിലുള്ളവരും പഠിക്കുന്ന കലാലയങ്ങള്‍ക്ക് ബാധകമാണ്. എന്നാല്‍ അല്‍ഫോന്‍സാ കോളജ് പെണ്‍കുട്ടികള്‍ക്കു മാത്രം പ്രവേശനം നല്‍കുന്ന സ്ഥാപനമാണ്. ട്രാന്‍സ്ജന്‍ഡേഴ്‌സിനെ സംരക്ഷിക്കുന്നത് ലിംഗപരമായ അവരുടെ അസ്ഥിത്വം സംരക്ഷിച്ചുകൊണ്ടാവണം. സ്ത്രീകളുടെ ലിംഗപരമായ പരിരക്ഷയെ അപകടത്തിലാക്കരുതെന്നും മാനേജ്‌മെന്റ് വിശദീകരണകത്തില്‍ പറയുന്നു. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ സീറ്റ് സംവരണം ചെയ്തു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് പാലാ അല്‍ഫോന്‍സാ കോളജ് മാനേജ്‌മെന്റ്.

കഴിഞ്ഞ വര്‍ഷം ജൂലൈ മൂന്നിനാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പ്രവേശനം നല്‍കണമെന്നാവശ്യപ്പെടുന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. അതിനെത്തുടര്‍ന്ന് സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള എല്ലാ കോളജുകളിലും ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് രണ്ടു സീറ്റ് വീതം അനുവദിക്കണമെന്ന് നിര്‍ദേശിച്ച് എംജി സര്‍വ്വകലാശാല ഉത്തരവിറക്കിയിരുന്നു.

Tags:    

Similar News