-മുഹമ്മദ് ഫഹീം ടി സി
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു റെക്കോര്‍ഡ് സഞ്ചാരികളാണ് ഇപ്പോള്‍ കശ്മീരിലേക്ക്ഒഴുകിക്കൊണ്ടിരിക്കുന്നത്. ഗുല്‍മാര്‍ഗും പഹല്‍ഗാമും സോനാമാര്‍ഗമെല്ലാം ഏതു സമയവും സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എന്നാല്‍ അധികമാരും പോവാത്ത ഒരു സ്ഥലമുണ്ട് കശ്മീരില്‍. ശ്രീനഗര്‍ ഈദ് ഗാഹില്‍ ഉള്ള 'മസാരേ ശുഹദാ'.
ഫാമിലിയുമായി കശ്മീരില്‍ പോകുമ്പോള്‍ വാര്‍ത്തകളിലും മറ്റും വായിച്ചറിഞ്ഞ ഈദ് ഗാഹ് മസാരെ ശുഹദായിലും പോകണം എന്ന് തീരുമാനിച്ചിരുന്നു. കശ്മീരിലെ ടൂറിസ്‌ററ് സ്ഥലങ്ങളെല്ലാം കറങ്ങിയ ശേഷം അവസാന ദിവസം വൈകുന്നേരം ഒരു ഓട്ടോയില്‍ കയറി ഈദ് ഗാഹില്‍ ഉള്ള 'മസാരേ ശുഹദാ' പോകുമോ എന്ന് ചോദിച്ചു. ഈദ് ഗാഹ് അറിയാം മസാരേ ശുഹദ അറിയില്ല, എന്തായാലും അവിടെ പോയി നോക്കാം എന്ന് പറഞ്ഞു കൊണ്ട് ഓട്ടോക്കാരന്‍ ഞങ്ങളെയും കൂട്ടി ഈദ് ഗാഹ് ലക്ഷ്യമാക്കി നീങ്ങി.
വലിയ ഒരു മൈതാനമാണ് ശ്രീനഗര്‍ ഈദ് ഗാഹ്. പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്ക് ഒത്തുകൂടാനും കായിക വിനോദങ്ങള്‍ക്കുമാണ് അത് ഉപയോഗിക്കുന്നത്. ഞങ്ങളുടെ ഓട്ടോ ഈദ് ഗാഹിന്റെ എന്‍ട്രന്‍സില്‍ എത്തി. എന്‍ട്രന്‍സിന്റെ ഇടതു ഭാഗത്താണ് മസാരേ ശുഹദ ഉള്ളതെന്ന് ഞാന്‍ ഓട്ടോക്കാരനോട് പറഞ്ഞു. ഇടതു വശത്തു കൂടെ മുന്നോട്ടു പോയ ഞങ്ങള്‍ ഒരു ഗേറ്റിന്റെ അടുത്തെത്തി. 'ഇത് നമ്മുടെ ശഹീദ് ബാഗ് അല്ലെ... നിങ്ങള്‍ക്ക് ശഹീദ് ബാഗിലേക്കാണോ പോകേണ്ടത്....' ഡ്രൈവര്‍ ആശ്ചര്യത്തോടെ ചോദിച്ചു. അതെ എന്ന് പറഞ്ഞു കൊണ്ട് ഞങ്ങള്‍ മസാരേ ശുഹദായുടെ അകത്തേക്ക് നടന്നു. സിരകളില്‍ ഒരു തരം വൈദ്യുതി പ്രവഹിച്ചു.... ഹൃദയ താളം വര്‍ധിച്ചു കൊണ്ടിരുന്നു....നഗരത്തിന്റെ ശബ്ദ കോലാഹലങ്ങള്‍ എവിടയോ പോയി മറഞ്ഞു.... ഞങ്ങളുടെ കാലടികളും ഗേറ്റ് തുറക്കുന്ന ശബ്ദവും മാത്രമേ ഇപ്പോള്‍ കേള്‍കുന്നുള്ളു. തുറന്നത് ഒരു കബറിസ്ഥാന്റെ ഗേറ്റ് ആയിരുന്നില്ല. സ്വര്‍ഗത്തിലേക്കുള്ള കവാടമായിരുന്നു. അസ്സലാമു അലൈകും യാ അഹ്ലല്‍ ഖുബൂര്‍.....അസ്സലാമു അലൈകും യാ ശഹീദ്....ആയിരത്തില്‍ കുറയാത്ത പുണ്യ ആത്മാക്കള്‍ ആ സലാം കേട്ട് കാണുമോ....അവര്‍ക്കു വേണ്ടി മാലാഖമാര്‍ സലാം മടക്കിയിട്ടുണ്ടാവുമോ. നിര നിരയായി ഉയര്‍ന്നു നില്‍ക്കുന്ന മീസാന്‍ കല്ലുകളില്‍ ഉര്‍ദുവില്‍ പേര് വിവരങ്ങള്‍ ഉണ്ട്. എന്നാല്‍ എല്ലാത്തിലും പൊതുവായ ഒരു പേര് എഴുതിയിട്ടുണ്ടായിരുന്നു. ശഹീദ്....ശഹീദ്....ശഹീദ്.... അതെ, ഇത് മസാരേ ശുഹദ അല്ലെങ്കില്‍ ഓട്ടോക്കാരന്‍ പറഞ്ഞ ശഹീദ് ബാഗ്. ഇതാണ് രക്തസാക്ഷികളുടെ കബറിസ്ഥാന്‍.
രക്തസാക്ഷികളുടെ കബറിസ്ഥാന്‍
തൊണ്ണൂറുകളുടെ തുടക്കത്തില്‍ കശ്മീരില്‍ സ്വാതന്ത്ര വാദം ശക്തമായ സമയം. അതി നിഷ്ടൂരമായാണ് സൈന്യം സ്വാതന്ത്ര വാദികളെ നേരിട്ടത്. അന്നൊരു ദിവസം ആറ് മൃത ശരീരങ്ങള്‍ ഈദ് ഗാഹില്‍ എത്തി. പ്രദേശവാസികള്‍ ആ മൃത ശരീരങ്ങള്‍ ഈദ് ഗാഹിലെ ഒരു ഭാഗത്തു മറവു ചെയ്യാന്‍ തുടങ്ങി. അതായിരുന്നു തുടക്കം. പിന്നീടിങ്ങോട്ട് കഴിഞ്ഞ 30 വര്‍ഷത്തിനിടെ ആയിരത്തില്‍ അധികം മയ്യത്തുകളാണ് ഇവിടെ മറവു ചെയ്തത്. എല്ലാം സൈന്യത്തിന്റെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരാണ്, അല്ല ശഹീദ് ആയവരാണ്. അതില്‍ രണ്ട് വയസ്സുള്ള പിഞ്ചു കുട്ടി മുതല്‍ നൂറ് വയസ്സുള്ള വൃദ്ധന്‍ വരെ ഉണ്ട്. കശ്മീരിന്റെ ചിത്രം ഒന്നുകൂടി വ്യക്തമാകണമെങ്കില്‍ കുറച്ചു കൂടി പിറകിലേക്ക് പോകണം.
1947 ഇല്‍ ഇന്ത്യ സ്വാതന്ത്ര്യവും വിഭജനവും നടക്കുന്ന സമയം. അന്ന് കശ്മീര്‍ ഭരിച്ചിരുന്ന രാജാ ഹരിസിംഗ് ഇന്ത്യയിലോ പാകിസ്താനിലോ ലയിക്കാതെ സ്വതന്ത്രമായി നിലകൊണ്ടു. ഇതിനിടെ പാകിസ്താന്റെ പ്രദേശങ്ങളില്‍ നിന്നും പലായനം ചെയ്തു ജമ്മുവില്‍ എത്തിയ ഹിന്ദുക്കള്‍ അവര്‍ പാകിസ്താനില്‍ നേരിട്ട കൊടിയ പീഡനങ്ങള്‍ അവിടെ ഉള്ളവരോട് വിവരിച്ചു. ഇതോടെ ജമ്മുവില്‍ ഹരി സിംഗിന്റെ സൈന്യത്തിന്റെ സഹായത്തോടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മുസ്‌ലിംകള്‍ക്കെതിരെ വ്യാപകമായ ആക്രമങ്ങള്‍ നടത്തി. രണ്ട് ലക്ഷത്തില്‍ അധികം മുസ് ലിംകളാണ് കൊല്ലപ്പെടുകയോ പലായനം ചെയ്യുകയോ ചെയ്തത്. ഇതോടെ വിഷയത്തില്‍ പാകിസ്താന്‍ ഇടപെട്ടു. പത്താന്‍ ഗോത്ര വിഭാഗത്തെ സംഘടിപ്പിച്ചു കൊണ്ട് കശ്മീര്‍ വരുതിയില്‍ ആക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. അതില്‍ ഒരു പരിധി വരെ അവര്‍ വിജയിക്കുകയും ചെയ്തു. പരാജയം മണത്ത രാജാ ഹരിസിംഗ് നെഹ്രുവുമായി ബന്ധപ്പെടുകയും കാശ്മീരിനെ ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള കരാറില്‍ ഒപ്പിടുകയും ചെയ്തു. തുടര്‍ന്ന് വന്ന ഇന്ത്യന്‍ സൈന്യം പട്ടാണികളെ തുരത്തുകയും കശ്മീരിന്റെ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. കശ്മീരിനെ ഇന്ത്യയോട് ചേര്‍ക്കുമ്പോള്‍ കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കിയിരുന്നു. അതാണ് ആര്‍ട്ടികള്‍ 370 . അത് പോലെ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു കശ്മീരികള്‍ക്ക് വാക്കു കൊടുത്തതുമാണ്. കശ്മീരില്‍ ഹിത പരിശോധന നടത്തി കശ്മീരിന്റെ ഭാവി നിര്‍ണയിക്കാന്‍ അവസരം നല്‍കുമെന്ന്. എന്നാല്‍ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അങ്ങനെ ഒരു ഹിത പരിശോധന നടന്നില്ല. ഇതോടെ സ്വാതന്ത്ര്യം വാദിക്കുന്ന സംഘടനകള്‍ ഉദയം കൊള്ളാന്‍ തുടങ്ങി. ഒടുവില്‍ 1989 ഇല്‍ കശ്മീരില്‍ നടന്ന ഇലക്ഷനില്‍ കേന്ദ്രം വ്യാപക ക്രമക്കേടുകള്‍ നടത്തി മുസ്‌ലിം യുണൈറ്റഡ് ഫ്രണ്ട് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി. ഇതാണ് തൊണ്ണൂറുകളുടെ തുടക്കത്തില്‍ കശ്മീരികളെ സായുധ പോരാട്ടത്തിന് പ്രേരിപ്പിച്ചത്. എന്നാല്‍ സൈന്യം പ്രതിഷേധങ്ങളെ ശക്തമായി അടിച്ചമര്‍ത്തി. പതിനായിരങ്ങളാണ് ഈ കാലയളവില്‍ കൊല്ലപ്പെട്ടത്. നൂറുകണക്കിന് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. അതോടെ പോരാട്ടം ഏറെ കുറെ അവസാനിക്കുകയാണ് ചെയ്തത്.
ഞങ്ങള്‍ മസാരേ ശുഹദയിലൂടെ കുറെ നേരം നടന്നു. പലതരം പൂക്കളും ചെടികളുമായി നല്ല രീതിയില്‍ പരിപാലിച്ചിട്ടുണ്ട്. പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അഫ്‌സല്‍ ഗുരുവിനു വേണ്ടി ഇവിടെ ഒരു കബറിടം ഒരുക്കി വെച്ചിട്ടുണ്ടെന്നു വായിച്ചിരുന്നു. 2013 ഇല്‍ തീഹാര്‍ ജയിലില്‍ വെച്ച് തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം ജയില്‍ വളപ്പില്‍ തന്നെ സംസ്‌കരിക്കുകയായിരുന്നു. എന്നാല്‍ അഫ്‌സല്‍ ഗുരുവിന്റെ ബൗദ്ധിക ശരീരത്തിന് വേണ്ടി മസാരെ ശുഹദായിലുള്ള കബറിടം ഇപ്പോഴും കാത്തിരിക്കുകയാണ്. പക്ഷെ നൂറു കണക്കിന് കബറുകളുടെ ഇടയില്‍ അത് ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. അത് പോലെ വളരെ പ്രധാനപ്പെട്ട വ്യക്തികളുടെ കബറുകളും ഇവിടെ ഉണ്ട്.
കശ്മീര്‍ ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് മസാരേ ശുഹദാ. പുറത്തു ഗേറ്റില്‍ എഴുതിയത് പോലെ 'ഞങ്ങളുടെ ഇന്നുകള്‍ നിങ്ങളുടെ നാളെകള്‍ക്ക് വേണ്ടി നല്‍കിയവരാണ് ഞങ്ങള്‍....മറക്കാതിരിക്കുക.' കശ്മീരിന് വേണ്ടി ജീവനും ജീവിതവും നല്‍കിയരെ ഓര്‍ക്കാതെ ഒരിക്കലും മുന്നോട്ടു പോകുവാന്‍ കഴിയില്ല.