ആദിവാസികളെ ഷോക്കേസില്‍ പ്രദര്‍ശിപ്പിക്കേണ്ട ജനതയല്ലെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍
തൃശ്ശൂര്‍: തദ്ദേശവാസികളെ ഷോക്കേസില്‍ പ്രദര്‍ശിപ്പിക്കേണ്ട വസ്തുവായി ഒരിക്കലും കാണരുതെന്നും അത്തരത്തില്‍ ആദിവാസികളെ കാണുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും മന്ത്രി കെ രാധാകൃഷ്ണന്‍. കേരളീയം ആദിമം ലിവിങ് മ്യൂസിയത്തില്‍ ആദിവാസികളെ പ്രദര്‍ശനവസ്തുവാക്കിയെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസികളെ അങ്ങനെ ചെയ്യുന്നത് ശരിയല്ല. പഴയകാലത്തെ തദ്ദേശവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രദര്‍ശനമാണ് ആദിമം എന്നാണ് മനസ്സിലാക്കുന്നത്. താനത് കണ്ടിട്ടില്ല. സാംസ്‌കാരിക വകുപ്പുമായും ഫോക്‌ലോര്‍ അക്കാദമിയുമായും ബന്ധപ്പെട്ടിരുന്നു. നിരുപദ്രവമായിട്ടാണ് ഇത് ചെയ്തതെന്നാണ് അവര്‍ അറിയിച്ചത്. ആദിവാസികളെ അവഹേളിക്കാനോ അപഹസിക്കാനോ ഉള്ള നിലപാടല്ല. ആദിവാസികളെ ഷോക്കേസില്‍ വയ്ക്കാന്‍ പാടില്ലെന്ന വ്യക്തിപരമായ അഭിപ്രായം നിര്‍ദേശമായി നേരത്തേ നല്‍കിയിരുന്നു. ആദിവാസി വിഭാഗങ്ങള്‍ ഷോക്കേസില്‍ വയ്‌ക്കേണ്ട ജനതയാണെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. അങ്ങനെ ചെയ്യുന്നത് ശരിയല്ല. അവരുടെ കലയേയും സംസ്‌കാരത്തേയും ജീവിത ഭക്ഷണരീതികളെയും കാണിച്ചുകൊടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഷോക്കേസില്‍ വയ്‌ക്കേണ്ട ജീവിതമാണ് തദ്ദേശവാസികളുടേത് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങനെ കാണുന്നത് തെറ്റായ സന്ദേശം നല്‍കും. ഇവിടെ എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് നടപടിയെടുക്കുമെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.