തിരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ ത്രിപുരയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരെ ബിജെപി അക്രമം അഴിച്ച് വിടുന്നു:ജിതേന്ദ്ര ചൗധരി
അക്രമം നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അക്രമത്തിന് കാരണമായവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന് കത്തയച്ചു
അഗര്‍ത്തല: 4 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയ പ്രഖ്യാപനത്തിന് ശേഷം ബിജെപി ത്രിപുരയിലെ പ്രതിപക്ഷ പാര്‍ട്ടികളായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും, തൃണമൂല്‍ കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ക്കും ഓഫിസുകള്‍ക്കുമെതിരെ രാഷ്ട്രീയ അക്രമങ്ങള്‍ അഴിച്ച് വിടുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാര്‍ട്ടി ഓഫിസുകള്‍ക്ക് നേരെ 39 ആക്രമണ സംഭവങ്ങളെങ്കിലും ഉണ്ടായിട്ടുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞു.
'തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ പാര്‍ട്ടിയുടെ വിജയം ആഘോഷിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ അവരുടെ ആഘോഷങ്ങള്‍ മറ്റുള്ള പാര്‍ട്ടികള്‍ക്കെതിരെ അക്രമം അഴിച്ച് വിട്ടുകൊണ്ട് ആകരുത്.സംസ്ഥാനത്ത് നടന്ന സംഭവങ്ങള്‍ ജനാധിപത്യ വിരുദ്ധമാണ്' ചൗധരി പറഞ്ഞു.അക്രമം നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അക്രമത്തിന് കാരണമായവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന് കത്തയച്ചു.ജനാധിപത്യത്തില്‍ ഇത്തരം സംഭവങ്ങള്‍ സ്വാഗതാര്‍ഹമല്ലെന്നും, ഈ കേസുകളില്‍ ഇതുവരെ ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സമാനമായ സ്വരത്തില്‍,തൃണമൂല്‍ കോണ്‍ഗ്രസിന്റെ ത്രിപുര യൂണിറ്റും പ്രതിപക്ഷ പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം ആരോപിച്ച് രംഗത്തെത്തി.കുറ്റക്കാര്‍ക്കെതിരെ പോലിസ് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.'വിജയത്തിന്റെ പേരില്‍ അക്രമികള്‍ പാര്‍ട്ടി ഓഫിസുകളും ഞങ്ങളുടെ അനുയായികളുടെ വീടുകളും ആക്രമിച്ചു. ഭരണകൂടം ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല, 'സെപാഹിജാല ജില്ലയിലെ ബിഷാല്‍ഗഡില്‍ ഏതാനും കടകള്‍ക്ക് തീയിട്ടതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായും പാര്‍ട്ടി കണ്‍വീനര്‍ സുബാല്‍ ബൗമിക്ക് ആരോപിച്ചു.ഈ ആരോപണങ്ങളോട് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.