'വര്‍ഗീയ കേസ് സ്‌പെഷ്യലിസ്റ്റ്, സ്വന്തം കക്ഷിക്ക് പിഴ വാങ്ങിച്ചുകൊടുത്ത ചരിത്രം'; അഡ്വ കൃഷ്ണരാജിനെ ട്രോളി സോഷ്യല്‍ മീഡിയ

Update: 2022-06-12 05:51 GMT

കൊച്ചി: സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍ അഡ്വ. കൃഷ്ണരാജിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍. തീവ്ര ഹിന്ദുത്വ അഭിഭാഷകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന കൃഷ്ണരാജ് അബദ്ധങ്ങള്‍ ചെയ്യുന്നതിലും മിടുക്കനാണെന്നാണ് ട്രോള്‍. മാന്യമായ കേസുകളൊന്നും കിട്ടാത്തത് കൊണ്ട് വര്‍ഗീയ കേസുകള്‍ സ്വയം ഉണ്ടാക്കിയെടുത്താണ് ജീവിച്ചു പോകുന്നതെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന പരിഹാസം.

കൃഷ്ണരാജ് വാദിച്ച പരാജയപ്പെട്ട പൊതുതാല്‍പ്പര്യ ഹരജിയുമായി ബന്ധപ്പെടുത്തിയും പരിഹാസമുയരുന്നുണ്ട്. മുസ്‌ലിം സംവരണം തടയണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയിലാണ് അദ്ദേഹത്തിന് തിരിച്ചടി നേരിട്ടത്. 2021 ജൂലൈയിലായിരുന്നു സംഭവം.

കൃഷ്ണരാജിന്റെ കക്ഷി നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയെന്ന് മാത്രമല്ല ഹരജിക്കാരന്‍ 25,000 രൂപ പിഴയൊടുക്കണമെന്നും കോടതി വിധിച്ചു. കൊച്ചിയിലെ ഹിന്ദുസേവാ കേന്ദ്രം ട്രഷറര്‍ ശ്രീകുമാര്‍ മാങ്കുഴി നല്‍കിയ പൊതു താല്‍പര്യ ഹരജിയാണ് കോടതി പിഴയോടെ അന്ന് തള്ളിയത്. ഹരജിക്കാരന്‍ നല്‍കുന്ന പിഴത്തുക അപൂര്‍വ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സാ സഹായ ഫണ്ടിലേക്ക് ഒരു മാസത്തിനകം നല്‍കണമെന്നും അന്ന് കോടതി വിധിച്ചിരുന്നു.ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് അന്ന് കൃഷ്ണരാജിന്റെ വാദങ്ങള്‍ കേട്ടത്. എന്നാല്‍ ഒടുവില്‍ ഹരജിക്കാരന് പിഴ വിധിക്കുകയായിരുന്നു. ലവ് ജിഹാദ് ആരോപണമുന്നയിച്ച വിവാദ അഡ്വക്കേറ്റ് എന്ന തരത്തിലായിരുന്ന അന്ന് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. വര്‍ഗീയ വിദ്വേഷ പ്രചാരണത്തിന്റെ പേരില്‍ പോലിസ് കേസെടുത്തതോടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

Tags:    

Similar News