തുര്‍ക്കി കരാറുകാരുടെ സഹായത്തോടെ നാഗൊര്‍നോ-കറാബാക്ക് പുനര്‍നിര്‍മ്മിക്കും

റോഡുകളും ആശുപത്രികളും സ്‌കൂളുകളും ഉള്‍പ്പെടെ വമ്പന്‍ അടിസ്ഥാന സൗകര്യവികസനത്തിനാണ് അസര്‍ബൈജാന്‍ പദ്ധതിയിടുന്നത്.

Update: 2021-04-05 07:44 GMT

ബാകു: 30 വര്‍ഷത്തെ അര്‍മേനിയന്‍ അധിനിവേശം അവസാനിപ്പിച്ച ശേഷം നാഗോര്‍നോ-കറാബക്ക് മേഖല തുര്‍ക്കി സഹായത്തോടെ സമ്പൂര്‍ണമായി പുനര്‍നിര്‍മിക്കാന്‍ ഒരുങ്ങി അസര്‍ബൈജാന്‍. റോഡുകളും ആശുപത്രികളും സ്‌കൂളുകളും ഉള്‍പ്പെടെ വമ്പന്‍ അടിസ്ഥാന സൗകര്യവികസനത്തിനാണ് അസര്‍ബൈജാന്‍ പദ്ധതിയിടുന്നത്. തുര്‍ക്കി കരാറുകാര്‍ ഇതില്‍ സുപ്രധാന പങ്ക് വഹിക്കുമെന്ന് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് സിഇഒ റിപ്പോര്‍ട്ട് ചെയ്തു.

മേഖലയിലെ നിര്‍മ്മാണ രംഗത്തെ പരിചയസമ്പന്നരായ തുര്‍ക്കി കരാറുകാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അസര്‍ബൈജാന്‍ ആഗ്രഹിക്കുന്നതായി ഇസ്താംബൂള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാഷ ബാങ്ക് സിഇഒ സെങ്ക് ഐനെഹാന്‍. പാഷ ബാങ്കിന്റെ മാതൃസ്ഥാപനം അസര്‍ബൈജാന്‍ തലസ്ഥാനമായ ബാക്കുവിലാണ് സ്ഥിതി ചെയ്യുന്നത്.

അടിസ്ഥാന സൗകര്യങ്ങള്‍, റോഡ്, കൃഷി, ഊര്‍ജ്ജം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ഏകദേശം 15 ദശലക്ഷം അസര്‍ബൈജാനികള്‍ ഈ മേഖലയിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. അസര്‍ബൈജാന്‍ ഇതുവരെ 2.2 ബില്യണ്‍ അസര്‍ബൈജാനി മനാത്‌സ് (1.3 ബില്യണ്‍ ഡോളര്‍) ബജറ്റ് വകയിരുത്തിയിട്ടുണ്ടെന്നും വരും വര്‍ഷങ്ങളില്‍ ബജറ്റ് പതിനായിരക്കണക്കിന് ഡോളര്‍ ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

100 കിലോമീറ്റര്‍ (62 മൈല്‍) നീളംവരുന്ന ഫുസുലിഷുഷ മോട്ടോര്‍വേയുടേയും ഫുസുലി വിമാനത്താവളത്തിന്റെയും പദ്ധതികളില്‍ തുര്‍ക്കി കരാറുകാര്‍ പങ്കാളികളാകുമെന്ന് ഐനെഹാന്‍ പറഞ്ഞു. പുനര്‍നിര്‍മ്മാണ പ്രക്രിയയ്ക്കുള്ള ധനസഹായത്തിലും പാഷ ബാങ്ക് പങ്കുവഹിക്കും.

നാഗോര്‍നോ-കറാബാക്കില്‍ അസര്‍ബൈജാന്‍ നേടിയ വിജയത്തെത്തുടര്‍ന്ന് പുതിയ കരാറുകള്‍ പ്രകാരം ചൈനയിലേക്കുള്ള വ്യാപാര മാര്‍ഗങ്ങള്‍ കൂടുതല്‍ സജീവമാകുമെന്നും വ്യാപാരം വളരുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മേഖലയുടെ അഭിവൃദ്ധിക്കും ഭാവിക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തികവും തന്ത്രപരവുമായ സഹകരണം കൂടുതല്‍ ശക്തമാകുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായും ഐനെഹാന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News